യുഎഇ റാസല്‍ഖൈമയില്‍ ശക്തമായ കാറ്റില്‍ കെട്ടിടത്തില്‍ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു. മഴ നനയാതിരിക്കാൻ നിർമാണം നടക്കുന്ന കെട്ടിടത്തില്‍ അഭയം തേടിയ മലപ്പുറം കൊടിഞ്ഞി സ്വദേശി സല്‍മാൻ ഫാരിസാണ് (27) മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അപകടം. ഷവർമ കടയിലെ ജീവനക്കാരനായിരുന്നു. കൊടിഞ്ഞി നന്നമ്ബ്ര തലക്കോട്ടു തൊടികയില്‍
സുലൈമാന്റെയും അസ്മാബിയുടെയും മകനാണ്. ഇന്നലെ വൈകുന്നേരം മുതല്‍ റാസല്ഖൈമയിലെങ്ങും കനത്ത കാറ്റും മഴയുമാണ് അനുഭപ്പെടുന്നത്. കാറ്റില്‍ വ്യാപകനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
റാസല്‍ഖൈമയില്‍ കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയിലും കൊടുങ്കാറ്റിലും നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റാസല്‍ഖൈമയിലെ ഷമാല്‍, ഖോർ ഖ്വൈർ, അല്‍ ഷാം തുടങ്ങിയ ഇടങ്ങളിലാണ് മഴ കനത്ത ആഘാതം സൃഷ്ടിച്ചത്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ പതിച്ചും നിരവധി കാറുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ചില വീടുകളില്‍ വാട്ടർ ടാങ്കുകള്‍ തകരുകയും ഗാരേജുകളിലേക്കും ബാല്‍ക്കണികളിലേക്കും വെള്ളം ഇരച്ചു കയറുകയും ചെയ്തതായി താമസക്കാർ പറഞ്ഞു. കനത്ത മഴയെത്തുടർന്ന് റാസല്‍ഖൈമയിലെ ജബല്‍ ജൈസ് പർവ്വത നിരകളില്‍ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെട്ടു.
അതേ സമയം, കനത്ത കാലാവസ്ഥാ വ്യതിയാനത്തിനിടയിലും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം നിലവില്‍ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (DXB) വ്യാഴാഴ്ച രാവിലെ മുതല്‍ വിമാന സർവീസുകള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് വക്താവ് സ്ഥിരീകരിച്ചു.
