ഒമാൻ: ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതല്‍ ശക്തിപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്.
സമുദ്ര പൈതൃകം, കൃഷി, വ്യവസായം തുടങ്ങി നിർണ്ണായക മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന നാല് സുപ്രധാന ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ജോർദാൻ, എത്യോപ്യ സന്ദർശനങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി മസ്കറ്റിലെത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കുന്നതാണ് ഒപ്പുവെച്ച കരാറുകള്‍. സമുദ്ര പൈതൃകം, മ്യൂസിയങ്ങള്‍, ശാസ്ത്രീയ ഗവേഷണം എന്നിവയില്‍ സംയുക്ത സംരംഭങ്ങള്‍, ഇരു രാജ്യങ്ങളിലെയും തൊഴില്‍ മേഖലയ്ക്ക് ഗുണകരമാകുന്ന രീതിയിലുള്ള നൈപുണ്യ പരിശീലന പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ, മില്ലറ്റ് കൃഷി, ഭക്ഷ്യ നവീകരണം, സുസ്ഥിര കാർഷിക രീതികള്‍ എന്നിവയ്ക്ക് മുൻഗണന, വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ വിപുലീകരിക്കാൻ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (OCCI), കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (CII) തമ്മില്‍ കരാറിലെത്തി.
നൂറ്റാണ്ടുകളായി ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നിലനില്‍ക്കുന്ന ചരിത്രപരമായ ബന്ധത്തെ മുൻനിർത്തി സമുദ്ര സുരക്ഷയും ഗവേഷണവും ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പരമ്പരാഗത മേഖലകള്‍ക്ക് അപ്പുറത്തേക്ക് തന്ത്രപരമായ പങ്കാളിത്തം വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവെക്കുന്നതിന്റെ മുന്നോടിയായാണ് ഈ സന്ദർശനം. സ്വതന്ത്ര വ്യാപാര കരാർ ഉള്‍പ്പെടുന്ന ഈ ഉടമ്പടിക്ക് ഇന്ത്യൻ മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
ഇത് യാഥാർത്ഥ്യമാകുന്നതോടെ സാങ്കേതികവിദ്യ, നിർമ്മാണം, അഗ്രി-ബിസിനസ് മേഖലകളില്‍ വൻ നിക്ഷേപ സാധ്യതകള്‍ തുറക്കപ്പെടും.
ഒമാൻ ഉപ പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മസ്കറ്റില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പുതിയ കരാറുകള്‍ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
