ദുബായ്: റഷ്യൻ എയർലൈൻ ജീവനക്കാരിയായ യുവതിയെ ദുബായിലെ ഒരു ഹോട്ടലില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മുൻ ഭർത്താവ് അറസ്റ്റിലായി.
റഷ്യൻ വിമാനക്കമ്പനിയായ പോബെഡയില്‍ ജീവനക്കാരിയായിരുന്ന 25-കാരിയായ അനസ്താസിയയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 41 വയസ്സുള്ള ആല്‍ബർട്ട് മോർഗനെയാണ് റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തത്.
ദുബായിലെ ബിസിനസ് ബേ (Business Bay) പ്രദേശത്തുള്ള ഒരു പ്രമുഖ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അനസ്താസിയയും നിയമോപദേശകനായി ജോലി ചെയ്യുന്ന മോർഗനും രണ്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വേർപിരിഞ്ഞത്. വിവാഹ ബന്ധം വേർപെടുത്തിയെങ്കിലും മുൻ ഭാര്യയുടെ സ്വകാര്യ സന്ദേശങ്ങള്‍ മോർഗൻ നിരന്തരം പരിശോധിച്ചിരുന്നു.
ഈ പരിശോധനയില്‍, പണത്തിനു വേണ്ടി അനസ്താസിയ ലൈംഗിക വൃത്തിയില്‍ ഏർപ്പെട്ടിരുന്നു എന്ന സംശയം ഇയാള്‍ക്കുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം. സംശയം ബലപ്പെട്ടതോടെ റഷ്യയില്‍ നിന്നും 4345 കിലോമീറ്റർ സഞ്ചരിച്ച് മോർഗൻ ദുബായിലെത്തുകയായിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്ത മോർഗൻ, ഹോട്ടലിലെ അലക്കുശാലയില്‍ നിന്നെടുത്ത വസ്ത്രം ധരിച്ച് ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അനസ്താസിയയുടെ മുറിയില്‍ പ്രവേശിച്ചത്. തുടക്കത്തില്‍ ദേഹത്ത് പെയിന്റ് ഒഴിക്കാനും മുടി മുറിക്കാനുമായിരുന്നു പദ്ധതി.
എന്നാല്‍, മുറിയില്‍ വെച്ച് ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ തർക്കം ആക്രമണത്തില്‍ കലാശിച്ചു. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, അനസ്താസിയയുടെ കഴുത്തിലും കൈകാലുകളിലുമായി 15 കുത്തേറ്റ മുറിവുകളുണ്ടായിരുന്നു.
ക്രൂരമായ ആക്രമണത്തിനൊടുവില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയുടെ മൃതദേഹം മണിക്കൂറുകള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്.
കൊലപാതകം നടന്നയുടൻ തന്നെ പ്രതി ദുബായിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാൽ ദുബായ് പോലീസിന്റെയും ഇന്റർപോളിന്റെയും ഏകോപിപ്പിച്ചുള്ള നീക്കത്തിലൂടെ പ്രതിയെ പിടികൂടാൻ സാധിച്ചു.
ഹോട്ടല്‍ ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ദുബായ് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് റഷ്യൻ അധികൃതരുമായി ബന്ധപ്പെട്ട് മോർഗനെ പിടികൂടുകയായിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ ലഹരിമരുന്ന് കേസുകളില്‍ നേരത്തെ ഏഴ് വർഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ, ഇരുവരും തമ്മില്‍ മുൻപും കുടുംബപരമായ തർക്കങ്ങളുണ്ടായിരുന്നതായും അനസ്താസിയ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്.
ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനായി മോർഗൻ ഒരു ഒടുവിലത്തെ ശ്രമം നടത്തി. യുക്രെയ്ൻ യുദ്ധത്തില്‍ പങ്കെടുക്കാൻ താൻ സന്നദ്ധനാണെന്ന് ഇയാള്‍ അധികൃതരെ അറിയിച്ചെങ്കിലും ആ നീക്കം വിജയിച്ചില്ല. മോർഗനെ റഷ്യൻ പോലീസ് റിമാൻഡ് ചെയ്യുകയും കേസില്‍ തുടർ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

