ജിദ്ദ: സൗദി അറേബ്യയിൽ മാർക്കറ്റിംഗ്, സെയിൽസ് മേഖലകളിലെ 18 തസ്തികകളിൽ സ്വദേശിവൽക്കരണ (നിതാഖാത്) നിരക്ക് 60 ശതമാനമായി ഉയർത്താൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പുതിയ നിയമം ബാധകമാവുക.
മാർക്കറ്റിംഗ് മേഖലയിൽ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ വേതനം 5,500 റിയാലായി നിശ്ചയിച്ചു. ഇതിൽ കുറഞ്ഞ ശമ്പളം നൽകുന്ന സ്ഥാപനങ്ങളെ സ്വദേശിവൽക്കരണ പരിധിയിൽ ഉൾപ്പെടുത്തില്ല. മാർക്കറ്റിംഗ് മാനേജർ, അഡ്വർട്ടൈസിംഗ് ഏജന്റ്, ഗ്രാഫിക് ഡിസൈനർ, പബ്ലിക് റിലേഷൻസ് മാനേജർ തുടങ്ങിയ പത്തോളം തസ്തികകളും സെയിൽസ് മാനേജർ, ഹോൾസെയിൽ റെപ്രസന്റേറ്റീവ് ഉൾപ്പെടെ എട്ടോളം സെയിൽസ് തസ്തികകളുമാണ് ഈ പരിധിയിൽ വരുന്നത്.
ഇന്നു മുതൽ മൂന്ന് മാസത്തിന് ശേഷം പുതിയ നിയമം പ്രാബല്യത്തിൽ വരും. സ്ഥാപനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഈ സമയം പ്രയോജനപ്പെടുത്താം. തൊഴിൽ വിപണിയെക്കുറിച്ചുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഇത് സ്വദേശികൾക്ക് കൂടുതൽ തൊഴിൽ സ്ഥിരതയും അവസരങ്ങളും നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി
