റിയാദ്: എ.ടി.എമ്മില്‍ പണം നിറയ്ക്കാൻ പണവുമായി പോയവർക്ക് നേരെ വെടിയുതിർത്ത് 30 ലക്ഷം റിയാല്‍ തട്ടിയെടുത്ത യമനി പൗരെൻറ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി.
ശനിയാഴ്ച മക്കയിലായിരുന്നു ശിക്ഷാ നടപടി. തുർക്കി അബ്ദുല്ല ഹസൻ അല്‍ സഹ്‌റാൻ എന്ന യമനി പൗരനാണ് ശിക്ഷിക്കപ്പെട്ടത്.
ഒരു ക്രിമിനല്‍ സംഘം രൂപീകരിച്ച ഇയാള്‍, എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാൻ പോയ രണ്ട് വാഹനങ്ങള്‍ തടഞ്ഞുനിർത്തി സായുധ കവർച്ച നടത്തുകയായിരുന്നു.
കൃത്യത്തിനിടെ ഇയാള്‍ തോക്ക് ചൂണ്ടി രണ്ട് ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് പരിക്കേല്‍പ്പിച്ചു. ഇത്തരത്തില്‍ രണ്ട് കവർച്ചകളിലായി ആകെ 30 ലക്ഷം റിയാലാണ് ഇയാള്‍ തട്ടിയെടുത്തത്.
സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും കുറ്റം തെളിയുകയും ചെയ്തു.
കേസ് കോടതിയിലെത്തിയപ്പോള്‍, ഇയാള്‍ ചെയ്ത കുറ്റം സമൂഹത്തില്‍ ഭീതിയുണ്ടാക്കുന്നതാണെന്നും പണം തട്ടിയെടുക്കാൻ ആയുധം ഉപയോഗിച്ചതിനാല്‍ ഇസ്ലാമിക നിയമപ്രകാരമുള്ള സായുധ കുറ്റകൃത്യത്തിനുള്ള കഠിന ശിക്ഷ നല്‍കണമെന്നും കോടതി വിധിച്ചു.
ഈ വിധിക്ക് പിന്നീട് രാജകീയ അംഗീകാരവും ലഭിച്ചു. സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, രാജ്യത്തെ സുരക്ഷയും നീതിയും ഉറപ്പാക്കുന്നതില്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.
കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

