കുവൈത്ത് സിറ്റി: ഇലക്‌ട്രോണിക് തട്ടിപ്പിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന രാജ്യാന്തര ക്രിമിനല്‍ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി.
ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് നേരിട്ട് മേല്‍നോട്ടം വഹിച്ച ഓപ്പറേഷനിലൂടെയാണ് അതീവ സങ്കീർണ്ണമായ ഈ തട്ടിപ്പ് ശൃംഖലയെ തകർത്തത്.
ഓണ്‍ലൈൻ ശൃംഖല വഴി പണം നഷ്ടപ്പെട്ട ഒരു വ്യക്തി നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (ഹവല്ലി വിഭാഗം) നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.
ഇലക്‌ട്രോണിക് തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം ഉപയോഗിച്ച് കുവൈത്തിലെ കടകളില്‍ നിന്ന് വിലകൂടിയ സ്മാർട്ട് ഫോണുകള്‍ വാങ്ങുന്നു. ഇതിനായി തിരിച്ചറിയാൻ കഴിയാത്ത അന്താരാഷ്ട്ര നമ്പറുകളാണ് ഉപയോഗിക്കുന്നത്. ഈ ഫോണുകള്‍ ഇടനിലക്കാർ ശേഖരിക്കുകയും പിന്നീട് മറിച്ചുവിറ്റ് പണമാക്കുകയും ചെയ്യുന്നു.
ഫോണ്‍ വിറ്റു കിട്ടുന്ന പണം പല കൈമറിഞ്ഞ് ഒടുവില്‍ പ്രതികളില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലെത്തുന്നു. തട്ടിയെടുത്ത പണത്തിന് നിയമ സാധുത നല്‍കാൻ വേണ്ടി മാത്രം നിർമ്മിച്ച വ്യാജ കമ്പനികളാണിവയെന്ന് അധികൃതർ കണ്ടെത്തി.
മന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മന്ത്രാലയം സ്വീകരിക്കുന്നതെന്ന് ഷെയ്ഖ് ഫഹദ് അല്‍-സബാഹ് വ്യക്തമാക്കി.
പിടികൂടിയ സംഘത്തിന് വിദേശ രാജ്യങ്ങളിലെ ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബാങ്ക് രേഖകളില്‍ കൃത്രിമം കാണിച്ചതിനും അനധികൃത പണമിടപാടുകള്‍ക്കും ഇവർക്കെതിരെ കേസെടുത്തു.
രാജ്യം വിട്ട ഒരു പ്രതിയെ സുരക്ഷാ അധികാരികളുമായി സഹകരിച്ച് ജോര്ദാനില്‍ നിന്ന് തിരിച്ചെത്തിക്കുകയും ചെയ്തു.
2023 മുതല്‍ ഇതുവരെ 100 മില്യണ്‍ കുവൈത്ത് ദിനാറിലധികം കള്ളപ്പണം വെളുപ്പിച്ചതായാണ് നിഗമനം. പ്രതികളില്‍ ഒരാളുടെ കൈവശം ഉണ്ടായിരുന്ന 108000 ദിനാറും ഒൻപത് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
ഒൻപത് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ബാങ്കിംഗ് നിയമ ലംഘനം നടത്തിയ ഒരു മണി കളക്ഷൻ സ്ഥാപനത്തിനെതിരെയും നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.

