പ്രവാസികൾക്ക് ആശ്വാസ വാർത്ത: വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവരുന്നവർക്ക് ഇനി വില പരിധിയില്ല; തൂക്കം മാത്രം മാനദണ്ഡം


മുംബൈ: വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര ബജറ്റിലെ പുതിയ ഭേദഗതി. സ്വർണത്തിന് കസ്റ്റംസ് ഡ്യൂട്ടി നിശ്ചയിക്കുന്നതിന് ഇനി മുതൽ തൂക്കം (Weight) മാത്രമാകും മാനദണ്ഡം. 

സ്വർണത്തിന്റെ വിപണി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പഴയ വില പരിധി (Value Limit) മൂലമുണ്ടായിരുന്ന സാങ്കേതിക കുരുക്കുകൾ ഇതോടെ ഇല്ലാതാകും.

മാറ്റങ്ങൾ ഇങ്ങനെ:

വില പരിധി ഒഴിവാക്കി: നിലവിൽ സ്ത്രീകൾക്ക് 40 ഗ്രാം, പുരുഷന്മാർക്ക് 20 ഗ്രാം എന്നിങ്ങനെ സ്വർണം കൊണ്ടു വരാമെങ്കിലും, യഥാക്രമം ഒരു ലക്ഷം രൂപ, 50,000 രൂപ എന്നിങ്ങനെ വില പരിധി ഉണ്ടായിരുന്നു.

 സ്വർണവില ഉയർന്നതോടെ കുറഞ്ഞ അളവ് സ്വർണം കൊണ്ടുവന്നാൽ പോലും ഈ തുക മറികടക്കുകയും പ്രവാസികൾ വലിയ പിഴ നൽകേണ്ടി വരികയും ചെയ്തിരുന്നു.

 പിഴയിൽ നിന്ന് മോചനം: സ്വർണത്തിന്റെ വില വർദ്ധനവ് കാരണം നൂറുകണക്കിന് പ്രവാസികളാണ് വിമാനത്താവളങ്ങളിൽ പിഴയടയ്ക്കേണ്ടി വന്നത്. 

ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറയ്ക്ക് മൂന്ന് പവൻ വളയുടെ പേരിൽ ഒരു ലക്ഷത്തിലേറെ രൂപ പിഴയടയ്ക്കേണ്ടി വന്ന സാഹചര്യം ഈ നിയമത്തിന്റെ കാഠിന്യത്തിന് ഉദാഹരണമായിരുന്നു. പുതിയ തീരുമാനത്തോടെ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാകും.

മറ്റ് ബാഗേജ് നിയമങ്ങൾ:

അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ബാഗേജ് നിയമങ്ങളും സർക്കാർ അവതരിപ്പിച്ചു. വ്യക്തിഗത ആവശ്യങ്ങൾക്കുള്ള വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. കൂടാതെ, കൊറിയർ വഴി അയക്കുന്ന സാധനങ്ങൾക്കുള്ള വില പരിധിയും ഒഴിവാക്കിയിട്ടുണ്ട്. ഡ്യൂട്ടി പിന്നീട് അടയ്ക്കാവുന്ന സംവിധാനം പ്രതിമാസമാക്കുകയും ചെയ്തു.

വളരെ പുതിയ വളരെ പഴയ