header-ad

20 വര്‍ഷമായി യുഎഇയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം; പ്രവാസിക്ക് സമ്മാനമടിച്ചത് ഗോള്‍ഡ് മെഴ്‌സിഡസ്


അബുദാബി: സ്വർണ ബിസ്‌കറ്റില്‍ 15,000 ദിർഹം (മൂന്ന് ലക്ഷം രൂപ) നിക്ഷേപിച്ച പ്രവാസിക്ക് ലഭിച്ചത് 50 ഇരട്ടി വിലപിടിപ്പുള്ള ഗോള്‍ഡ് മെഴ്‌സിഡസ് കാർ.

അല്‍ ഹബ്‌തൂരിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന സുമിത് എന്ന ശ്രീലങ്കൻ സ്വദേശിക്കാണ് ജാക്ക്‌പോട്ട് ലഭിച്ചത്. 20 വ‌ർഷമായി യുഎഇയില്‍ ജോലി ചെയ്യുകയാണിയാള്‍.

സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ദുബായിലെ ഗോള്‍ഡ് ഡിസ്‌ട്രിക്റ്റില്‍ നിന്ന് സുമിത് സ്വർണ ബിസ്‌കറ്റ് വാങ്ങിയത്. 

ആദ്യമായി ഗോള്‍ഡ് ഡിസ്‌ട്രിക്റ്റില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇവിടെ നിന്ന് സമ്മാനക്കൂപ്പണുകളും ലഭിച്ചിരുന്നു. ഓരോ 500 ദിർഹത്തിനും ഒരു വൗച്ചർ ആണ് സമ്മാനമായി ലഭിക്കുക.

 15,000 ദി‌ർഹമിന് സ്വർണ ബിസ്‌കറ്റ് വാങ്ങിയതിനാല്‍ അദ്ദേഹത്തിന് 30 വൗച്ചറുകള്‍ ലഭിച്ചു. ഇതില്‍ ഒരു വൗച്ചറിന്റെ സമ്മാനമായാണ് സ്വർണ നിറത്തിലെ മെഴ്‌സിഡസ് സുമിത്തിന് ലഭിച്ചത്.

കടയില്‍ നിന്ന് തിരികെ പോകുമ്പോള്‍ കാറിനു മുന്നില്‍ നിന്ന് ഫോട്ടോ എടുത്തിരുന്നുവെന്നും എന്നാലത് സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതിയില്ലെന്നും സുമിത് വെളിപ്പെടുത്തി. ദിവസങ്ങള്‍ക്കു ശേഷം ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുമ്പോഴാണ് ഭാഗ്യദേവതയുടെ രൂപത്തില്‍ ഫോണ്‍ കോള്‍ വന്നത്. 

ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്നാണ് സുമിത് പങ്കുവച്ചത്. കുറേപ്പേർ കാർ വിറ്റ് പണം അക്കൗണ്ടില്‍ നിക്ഷേപിക്കാൻ ഉപദേശിച്ചുവെന്നും എന്നാല്‍ കാർ തുടർന്നും ഉപയോഗിക്കാൻ തന്നെയാണ് തീരുമാനമെന്നും സുമിത് പറയുന്നു.

വളരെ പുതിയ വളരെ പഴയ