അബുദാബി: വിദ്യാർഥികളുടെ ആരോഗ്യവും പോഷകാഹാര നിലവാരവും ഉറപ്പു വരുത്തുന്നതിനായി സ്കൂള്‍ കാന്റീനുകളിലും ലഞ്ച് ബോക്സുകളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK).
പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായി അടങ്ങിയ ഭക്ഷണ പാനീയങ്ങള്‍ 'റെഡ് കാറ്റഗറി'യില്‍ ഉള്‍പ്പെടുത്തിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2026 അധ്യയന വർഷം മുതല്‍ നിയമങ്ങള്‍ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂളുകള്‍ക്ക് നിർദ്ദേശം നല്‍കി.
'റെഡ് ലിസ്റ്റ്': ഇവയ്ക്ക് കർശന നിരോധനം
അബുദാബിയിലെ സ്കൂള്‍ കാന്റീനുകളിലും വിദ്യാർത്ഥികള്‍ വീട്ടില്‍ നിന്ന് കൊണ്ടു വരുന്ന ലഞ്ച് ബോക്സുകളിലും പാനീയങ്ങളുടെ കാര്യത്തില്‍ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സോഫ്റ്റ് ഡ്രിങ്കുകള്‍, എനർജി ഡ്രിങ്കുകള്‍, സ്പോർട്സ് ഡ്രിങ്കുകള്‍ എന്നിവയ്ക്ക് പുറമെ സിറപ്പുകള്‍ ചേർത്ത പഴച്ചാറുകള്‍ക്കും പൂർണ്ണ നിരോധനമുണ്ട്. കൂടാതെ, കഫീൻ അടങ്ങിയ ചായ, കോഫി എന്നിവയും ഐസ്ഡ് ടീ പോലുള്ള പാനീയങ്ങളും സ്കൂള്‍ പരിസരത്ത് അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മധുര പലഹാരങ്ങളുടെയും വറുത്ത ഭക്ഷണങ്ങളുടെയും പട്ടികയിലും വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
മിഠായികള്‍, മാർഷ്മാലോ, ലോലിപോപ്പ്, ച്യൂയിംഗ് ഗം, ഐസ്ക്രീം തുടങ്ങിയവ ഒഴിവാക്കണം. എന്നാല്‍ 50 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റിന് മാത്രം ചെറിയ ഇളവുണ്ട്.
കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിക്കൻ നഗ്ഗെറ്റ്സ്, ഫ്രഞ്ച് ഫ്രൈസ്, സമോസ, ഫലാഫെല്‍ തുടങ്ങിയ വിഭവങ്ങള്‍ക്കും ഹോട്ട്ഡോഗ്, സോസേജ് പോലുള്ള സംസ്കരിച്ച മാംസങ്ങള്‍ക്കും കാന്റീനുകളില്‍ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ലഘുഭക്ഷണങ്ങളുടെ കാര്യത്തില്‍ അമിതമായി ഉപ്പും കൊഴുപ്പും അടങ്ങിയ ചിപ്സ്, പൊട്ടറ്റോ സ്റ്റിക്സ്, പോപ്കോണ്‍ എന്നിവ സ്കൂള്‍ ആഘോഷങ്ങളിലോ കാന്റീനിലോ നല്‍കാൻ പാടില്ല.
ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന കൃത്രിമ നിറങ്ങള്‍, രാസ സുഗന്ധങ്ങള്‍, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങളും പൂർണ്ണമായും ഒഴിവാക്കണം.
കുട്ടികളില്‍ അമിതവണ്ണവും അലർജിയും ഉണ്ടാക്കുന്നത് തടയാൻ ഈ ഭക്ഷണ നിയമങ്ങള്‍ കർശനമായി പാലിക്കുന്നുണ്ടെന്ന് സ്കൂള്‍ അധികൃതർ ഉറപ്പു വരുത്തേണ്ടതുണ്ട്.
നിരോധിത ഭക്ഷണങ്ങള്‍ക്ക് പകരം ഗ്രില്‍ ചെയ്ത ചിക്കൻ, മത്സ്യം, പയർവർഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്താൻ സ്കൂളുകളോട് നിർദ്ദേശിച്ചു.
പഞ്ചസാര ചേർക്കാത്ത ഫ്രഷ് സ്മൂത്തികള്‍, പഴങ്ങള്‍ ചേർത്ത വെള്ളം, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ കാന്റീനുകളില്‍ ലഭ്യമാക്കണം.
സ്കൂള്‍ നഴ്സുമാരും ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുടെ ലഞ്ച് ബോക്സുകളും കാന്റീനുകളും കൃത്യമായി പരിശോധിക്കണം.
നിയമങ്ങള്‍ ലംഘിക്കുന്ന സാഹചര്യം രക്ഷിതാക്കളെ അറിയിക്കുകയും ആവർത്തിച്ചാല്‍ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. കുട്ടികളിലെ പൊണ്ണത്തടി കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണരീതി വളർത്താനുമാണ് പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

