ഷാർജ: പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തിയ വാഹനാപകടത്തിൽ മരിച്ച രണ്ടുവയസ്സുകാരന്റെ മാതാപിതാക്കൾ മാതൃകയാകുന്നു. ഷാർജ മുവൈലയിലുണ്ടായ അപകടത്തിൽ മരിച്ച അലൻ റൂമിയുടെ മാതാപിതാക്കളായ ഷറഫുദ്ദീനും സഫ്നയുമാണ്, തങ്ങളുടെ ഏകമകന്റെ മരണത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് അധികൃതരെ അറിയിച്ചത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ ഷറഫുദ്ദീൻ ദുബായിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ്.
വിവാഹം കഴിഞ്ഞ് ആറുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജനിച്ച മകനായിരുന്നു അലൻ. പിതാവിനൊപ്പം റമദാനും പെരുന്നാളും ആഘോഷിക്കാനായി കഴിഞ്ഞ മാസമാണ് സന്ദർശക വിസയിൽ അലനും മാതാവും ഷാർജയിൽ എത്തിയത്. ഏപ്രിൽ 23-ന് കുട്ടിയുടെ രണ്ടാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് വിധി വില്ലനായത്. താമസസ്ഥലത്തിന് സമീപത്തെ പാർക്കിംഗ് ഏരിയയിൽ വെച്ച് അയൽവാസി കാർ പിന്നോട്ട് എടുക്കുന്നതിനിടെ കുട്ടി കാറിനടിയിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, "ഞങ്ങൾക്കുണ്ടായ നഷ്ടം ആർക്കും നികത്താനാവില്ല, എങ്കിലും അറിഞ്ഞുകൊണ്ട് ചെയ്തതല്ലാത്ത കാര്യത്തിന് മറ്റൊരു കുടുംബം കൂടി തകരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല" എന്നായിരുന്നു ഷറഫുദ്ദീന്റെ പ്രതികരണം. ഇക്കാര്യം രേഖാമൂലം അധികൃതരെ അറിയിച്ച ശേഷം കുട്ടിയുടെ മൃതദേഹം ദുബായിൽ ഖബറടക്കി ദമ്പതികൾ നാട്ടിലേക്ക് മടങ്ങി.

