അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് സമ്മാനം വീണ്ടും പ്രവാസി മലയാളിക്ക്. അബുദാബി ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തെ രണ്ടാമത്തെ ഇ - ഡ്രോയില്‍ 50,000 ദിർഹമാണ് (ഏകദേശം 11 ലക്ഷത്തിലധികം രൂപ) മലയാളിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്.
ആറു വർഷമായി അബുദാബിയില്‍ എഞ്ചിനീയറായ നിബിൻ കെ മാത്യുവാണ് ഭാഗ്യശാലി. 20 സുഹൃത്തുക്കളുമായി ചേർന്നാണ് നിബിൻ ടിക്കറ്റെടുത്തത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമെന്നും തന്റെ വിഹിതം കുടുംബത്തിന് നല്‍കുമെന്നും 36കാരനായ നിബിൻ പങ്കുവച്ചു.
നിബിനെക്കൂടാതെ മൂന്നു പേർ കൂടി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50,000 ദിർഹത്തിന്റെ സമ്മാനത്തിന് അർഹരായി. പാകിസ്ഥാൻ സ്വദേശിയായ റിയാസത്ത് ഖാൻ, നേപ്പാള്‍ സ്വദേശി ശിവ പ്രസാദ്, ബംഗ്ലാദേശ് സ്വദേശി ഗ്രിഗറി ഷോമിർ ഗോമെസ് എന്നിവരെയാണ് ഭാഗ്യം തേടിയെത്തിയത്.
റിയാസത്ത് ഖാൻ പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ജോലി സ്ഥലത്തെ 25 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശിവ പ്രസാദ് ടിക്കറ്റെടുത്തത്.
പതിവായി ഭാഗ്യപരീക്ഷണം നടത്താറുള്ള ശിവ ഇത്തവണ സ്വന്തം പേരിലാണ് ടിക്കറ്റ് എടുത്തത്. 14 സുഹൃത്തുക്കള്‍ക്കൊപ്പം ചേർന്നാണ് ഗ്രിഗറി ടിക്കറ്റെടുത്തത്.

