അബുദാബി: യുഎഇയിലെ അനാഥക്കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്' (Mother of the Nation Endowment for Orphans) പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 15 കോടി ദിർഹം (ഏകദേശം 371 കോടി രൂപ) സംഭാവന നൽകി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താൽപര്യപ്രകാരം അബുദാബി ഔഖാഫിന്റെ നേതൃത്വത്തിലാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്.
അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കി അവരുടെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അബുദാബിയെ ആസ്ഥാനമാക്കി 52 വർഷമായി പ്രവർത്തിക്കുന്ന തനിക്ക് ഇത്തരമൊരു മഹത്തായ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദും രാഷ്ട്രമാതാവ് ഫാത്തിമ ബിൻത് മുബാറക്കും വിഭാവനം ചെയ്ത മാനവിക മൂല്യങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി ഔഖാഫിന്റെ മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ മാതൃകയിലാണ് പദ്ധതിയുടെ പ്രവർത്തനം. സഹായങ്ങൾ അർഹരായ കുട്ടികളിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശനമായ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ എല്ലാ കുട്ടികൾക്കും തുല്യമായ അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് രാജ്യം ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

