header-ad

സൗദിയിൽ പ്രശസ്ത ബേബി ഫോർമുലകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു; ബെബിലാക്, ആപ്റ്റാമിൽ ബ്രാൻഡുകൾക്ക് നിരോധനം

 


ജിദ്ദ: വിഷപദാർത്ഥം അടങ്ങിയിരിക്കാനുള്ള നേരിയ സാധ്യത കണക്കിലെടുത്ത് സൗദി അറേബ്യൻ വിപണിയിൽ നിന്ന് പ്രശസ്തമായ ബേബി ഫോർമുലകൾ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (SFDA) തിരിച്ചുവിളിച്ചു. പ്രമുഖ കമ്പനിയായ ന്യൂട്രിഷ്യ ഡാനോണിന് കീഴിലുള്ള ബെബിലാക് (Bebelac), ആപ്റ്റാമിൽ (Aptamil) എന്നീ ബ്രാൻഡുകളിലെ ചില ഉൽപ്പന്നങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

'ബാസിലസ് സെറിയസ്' എന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന 'സെരുലൈഡ്' എന്ന വിഷാംശം ചില ബാച്ചുകളിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കമ്പനി തന്നെ മുൻകരുതൽ നടപടിയായി ഇവ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാദേശിക വിപണിയിൽ നിന്ന് ഇവ അടിയന്തരമായി നീക്കം ചെയ്യാൻ അതോറിറ്റി ഉത്തരവിട്ടത്.

ഈ പദാർത്ഥം ശരീരത്തിൽ പ്രവേശിച്ചാൽ 30 മിനിറ്റ് മുതൽ ആറ് മണിക്കൂർ വരെ സമയത്തിനുള്ളിൽ ഓക്കാനം, ഛർദ്ദി, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമായേക്കാം. എന്നാൽ നിലവിൽ സൗദിയിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾ ഈ ബാച്ചുകളിലുള്ള ബേബി ഫോർമുലകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും കൈവശമുള്ളവ നശിപ്പിക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. വിപണിയിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനിയുമായി ചേർന്ന് കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്നും SFDA അറിയിച്ചു.


 

വളരെ പുതിയ വളരെ പഴയ