കുവൈത്ത്: കുവൈത്തിലെ വൈദ്യുതി ഉല്‍പ്പാദന-ജല ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ പ്ലാന്റിലെ സര്‍വീസ് കെട്ടിടത്തിനാണ് തകരാര്‍ സംഭവിച്ചതെന്ന് കുവൈത്ത് ഊര്‍ജ്ജ മന്ത്രാലയം തിങ്കളാഴ്ച രാവിലെ അറിയിച്ചു.
2026 മാര്‍ച്ച് 30-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍, ഈ ആക്രമണം കുവൈറ്റിന് നേരെയുള്ള ഇറാന്റെ നേരിട്ടുള്ള കടന്നുകയറ്റത്തിന്റെ ഭാഗമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൊല്ലപ്പെട്ട തൊഴിലാളിയുടെ പേരോ മറ്റ് വിവരങ്ങളോ മന്ത്രാലയം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഊര്‍ജ്ജ മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഫാത്തിമ അബ്ബാസ് ജോഹര്‍ ഹയാത്ത് പറഞ്ഞതിങ്ങനെ: 'ഞായറാഴ്ച വൈകുന്നേരം പവര്‍ പ്ലാന്റിലെ സര്‍വീസ് കെട്ടിടത്തിന് നേരെ ഇറാന്‍ ആക്രമണമുണ്ടായി.
ഇതില്‍ ഇന്ത്യന്‍ പൗരനായ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.'
ആക്രമണത്തിന് പിന്നാലെ അടിയന്തര രക്ഷാ സംഘവും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി. വൈദ്യുതി, ജല വിതരണത്തില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതായും അവര്‍ അറിയിച്ചു.
ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക വാര്‍ത്തകള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന് നേരെ വന്ന നിരവധി ആകാശ ഭീഷണികള്‍ പ്രതിരോധിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആകെ 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളുമാണ് കുവൈത്ത് സൈന്യം തകര്‍ത്തത്. ഒരു സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 10 സൈനികര്‍ക്ക് പരിക്കേറ്റു.
ഒരു സ്വകാര്യ ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഗോഡൗണിന് നേരെയും ആക്രമണമുണ്ടായെങ്കിലും അവിടെ ആളപായമില്ല.
ഫെബ്രുവരി 28-ന് അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവര്‍ക്കിടയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 307 ബാലിസ്റ്റിക് മിസൈലുകളും 616 ഡ്രോണുകളുമാണ് കുവൈത്തിന് നേരെ തൊടുത്തു വിട്ടത്.
മേഖലയില്‍ യുദ്ധം കടുക്കുന്നത് ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ താമസിക്കുന്ന കുവൈത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

