വാഷിംഗ്ടൺ : ലോകത്തെ മുൾമുനയിൽ നിർത്തിയ പശ്ചിമേഷ്യൻ സംഘർഷത്തിന് അറുതിയാകുന്നു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയതായും, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ ഉപരോധം നീക്കാൻ തയ്യാറായതായും ട്രംപ് വ്യക്തമാക്കി.
ആഗോള എണ്ണ വ്യാപാരത്തിന്റെ സിരയായ ഹോർമൂസ് കടലിടുക്ക് അമേരിക്കയ്ക്കായി തുറന്നുനൽകുമെന്ന ഇറാന്റെ പ്രഖ്യാപനം ആഗോള വിപണിക്ക് വലിയ ആശ്വാസമാകും. മാസങ്ങളായി തുടരുന്ന ഉപരോധം മൂലം അന്താരാഷ്ട്ര തലത്തിൽ കടുത്ത ഊർജ്ജക്ഷാമവും വിലക്കയറ്റവും അനുഭവപ്പെട്ടിരുന്നു. ഇതിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നേരത്തെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ഇറാൻ, നിലവിലെ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ നിലപാട് മാറ്റിയെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിവരം.

