കുവൈത്ത് സിറ്റി: ജസീറ എയർവേയ്സ് ഇന്ത്യയിലെ അഹമ്മദാബാദ്, തിരുവനന്തപുരം നഗരങ്ങളിലേക്കുള്ള വിമാന സർവീസുകള്‍ മാർച്ച് 30 മുതല്‍ വീണ്ടും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
ഈ സർവീസുകള്‍ അല്‍-ഖൈസുമാഹ് വിമാനത്താവളം വഴി പ്രവർത്തിക്കും. ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകള്‍ വീണ്ടും ആരംഭിച്ചതിലൂടെ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനുള്ള യാത്രാ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ കമ്പനി പ്രതിബദ്ധമാണെന്ന് കുവൈത്ത് ന്യൂസ് ഏജൻസിയോട് സംസാരിച്ച ജസീറ എയർവേയ്സ് സി.ഇ.ഒ ബരത്തൻ പസുപതി പറഞ്ഞു.
മാർച്ച് 20 മുതല്‍ ഇന്ത്യയിലേക്കുള്ള സർവീസുകള്‍ പുനരാരംഭിച്ചതിന് ശേഷം 13,000-ത്തിലധികം യാത്രക്കാരെ ജസീറ എയർവേയ്സ് യാത്ര ചെയ്യിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഈദ് അൽ ഫിത്തർ കാലത്തെ ഉയർന്ന യാത്രാ ആവശ്യങ്ങള്‍ നിറവേറ്റാൻ കൂടുതല്‍ സർവീസുകളും സൗകര്യങ്ങളും ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജസീറ എയർവേയ്സ് ഇന്ത്യയിലെ ബെംഗളൂരു, ചെന്നൈ, ദില്ലി, ഹൈദരാബാദ്, മുംബൈ, കൊച്ചി, അഹമ്മദാബാദ്, തിരുവനന്തപുരം എന്നീ എട്ട് നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികള്‍ മിഷ്‌റിഫിലെ ഇന്റർനാഷണല്‍ ഫെയർഗ്രൗണ്ട്സിലാണ് (ഹാള്‍ 8) നടത്തുന്നത്.
അവിടെ നിന്ന് ബസിലൂടെ യാത്രക്കാരെ അല്‍-ഖൈസുമാഹ് വിമാനത്താവളത്തിലേക്ക് എത്തിച്ച് യാത്ര തുടരുന്നതാണെന്നും അധികൃതർ അറിയിച്ചു. വിമാന ടിക്കറ്റുകള്‍ ജസീറ എയർവേയ്സ് വെബ്സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്യാമെന്നും കമ്പനി നിർദ്ദേശിച്ചു.

