റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു. മലപ്പുറം വേങ്ങര നെടുമ്പറമ്പ് സ്വദേശി കാങ്കട കടവൻ വീട്ടിൽ ഇസ്മാഈൽ (51) ആണ് മരിച്ചത്. അസീസിയ്യയിലെ താമസസ്ഥലത്തുണ്ടായ ദൗർഭാഗ്യകരമായ അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.
അപകടം സംഭവിച്ചത് ഇങ്ങനെ:
താമസസ്ഥലത്തെ വാഷ്റൂമിലെ മാലിന്യ പൈപ്പുകൾ വൃത്തിയാക്കുന്നതിനായി ആസിഡ് ഒഴിച്ചിരുന്നു. എന്നാൽ ഇതറിയാതെ വാഷ്റൂമിൽ കയറിയ ഇസ്മാഈൽ, ആസിഡ് രാസപ്രവർത്തനത്തിലൂടെ ഉണ്ടായ മാരകമായ വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റിയാദിലെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.:
ഭാര്യ: നസീറ. മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

