കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ അഗ്നിബാധ റിപ്പോർട്ട് ചെയ്തു. കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ആക്രമണത്തിൽ ഇന്ധന ടാങ്കുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽറാജ്ഹി വ്യക്തമാക്കി. സംഭവസ്ഥലത്ത് ഉടനടി എത്തിയ അഗ്നിശമന സേനയും സുരക്ഷാ വിഭാഗങ്ങളും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിൽ അടിയന്തര പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയിട്ടുണ്ട്.
വൈദ്യുതി പുനഃസ്ഥാപനം ദ്രുതഗതിയിൽ
കഴിഞ്ഞ ചൊവ്വാഴ്ച മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ഊർജിതമായി തുടരുകയാണ്. തകരാറിലായ ഏഴ് പ്രധാന ഓവർഹെഡ് വൈദ്യുതി ലൈനുകളിൽ നാലെണ്ണം ഇതിനകം പ്രവർത്തനസജ്ജമാക്കിയതായി വൈദ്യുതി-ജല മന്ത്രാലയം വക്താവ് എൻജിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാൻ എൻജിനീയർമാരുടെ സംഘം 24 മണിക്കൂറും പ്രവർത്തിച്ചു വരികയാണെന്നും രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനം നിലവിൽ സുരക്ഷിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

