അൽ ഹസയിൽ റൊട്ടി വിതരണത്തിനായി പോകുന്നതിനിടെ സെയില്‍സ് വാനിന് തീപിടുത്തം; വണ്ടിക്കുള്ളില്‍ കുടുങ്ങിയ മലയാളി യുവാവ് മരിച്ചു


റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അല്‍ ഹസയില്‍ സെയില്‍സ് വാനിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു.

കോഴിക്കോട് കൂട്ടാലിട നടുവണ്ണൂർ സ്വദേശി മുഹമ്മദ് അജ്മല്‍ (27) ആണ് ദാരുണമായി മരണപ്പെട്ടത്.

വ്യാഴാഴ്ചയായിരുന്നു പ്രവാസ ലോകത്തെ നോവിലാക്കിയ ഈ സംഭവം. അല്‍ ഹസയിലെ ഒരു ബേക്കറിയില്‍ സെയില്‍സ്മാനായ അജ്മല്‍, റൊട്ടി വിതരണത്തിനായി വാഹനം ഓടിച്ചു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

ഓട്ടത്തിനിടെ സെയില്‍സ് വാനിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വാഹനം പൂർണമായും അഗ്നിക്കിരയായി. വാനിനുള്ളില്‍ കുടുങ്ങിയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണം.

അബ്ദുല്‍ അസീസ്-റസിയ ദമ്പതികളുടെ മകനാണ് മരിച്ച അജ്മല്‍. അവിവാഹിതനായ ഇദ്ദേഹം ഒൻപത് മാസം മുമ്പാണ് ഉപജീവനത്തിനായി സൗദി അറേബ്യയില്‍ എത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരന്തത്തിെൻറ ആഘാതത്തിലാണ് പ്രവാസി സമൂഹവും നാട്ടിലെ ബന്ധുക്കളും.

വളരെ പുതിയ വളരെ പഴയ