header-ad

ഇറാനിലെ നഗരങ്ങളിൽ രാത്രി ആക്രമണം തുട‍ർന്ന് അമേരിക്കയും ഇസ്രയേലും; കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം, ലെബനനിൽ മരണം 826

 


ടെഹ്റാൻ/കുവൈത്ത് സിറ്റി: ഇറാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും വ്യോമാക്രമണം ശക്തമാക്കുന്നു. ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ കഴിഞ്ഞ രാത്രിയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇറാനുമേലുള്ള സൈനിക നടപടി ഏപ്രിൽ മാസം വരെ നീണ്ടുനിൽക്കുമെന്ന് ഇസ്രയേൽ സൈനിക മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

​അതേസമയം, ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 826 ആയി ഉയർന്നു. മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വീണ്ടും ആവശ്യപ്പെട്ടു. വിദേശ സൈനിക സാന്നിധ്യം ഒഴിവാക്കിയാൽ മാത്രമേ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളിൽ ജാഗ്രത:

മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും സംഘർഷം വ്യാപിക്കുകയാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചു. സൗദി അറേബ്യയിലെ അൽ ഖർജിൽ ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

​യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ജോർദാൻ സ്വദേശിക്ക് പരിക്കേറ്റു. ഇറാഖിലുള്ള അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ യുഎസ് ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു.






വളരെ പുതിയ വളരെ പഴയ