header-ad

മരിച്ചയാളുടെ വാഹനം സ്റ്റാറ്റസ് ശരിയാക്കാതെ ഓടിച്ചാല്‍ സൗദിയിൽ വൻ പിഴ


റിയാദ്: മരിച്ച വ്യക്തിയുടെ വാഹനം നിയമപരമായ നില ശരിയാക്കാതെ ഓടിച്ചാല്‍ സൗദിയില്‍ 500 മുതല്‍ 900 റിയാല്‍ വരെ പിഴ.

നിയമ ലംഘനം പരിഹരിക്കുന്നതുവരെ വാഹനം കണ്ടുകെട്ടുന്നതും ഉള്‍പ്പെടെയുള്ള ശിക്ഷയുമുണ്ടാകും. ഇതുസംബന്ധിച്ചുള്ള വ്യവസ്ഥ ചേർത്ത് പൊതു സുരക്ഷാ ഡയറക്ടറേറ്റ് ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്താൻ നിർദേശിച്ചു.

വാഹനത്തിന്റെ നിയമപരമായ നില ശരിയാക്കാൻ മരണപ്പെട്ടയാളുടെ അവകാശികളെ പ്രോത്സാഹിപ്പിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം. ഏതെങ്കിലും അവകാശിയോ മറ്റ് കക്ഷിയോ ശരിയായ അംഗീകാരമില്ലാതെ വാഹനം ഓടിച്ചാല്‍ അതിന്റെ സ്റ്റാറ്റസ് ശരിയാക്കുന്നതുവരെ വാഹനം കണ്ടുകെട്ടാനും ഭേദഗതി ലക്ഷ്യമിടുന്നു. 

ഇതുവഴി ഗതാഗത ലംഘനങ്ങളുടെയും അപകടങ്ങളുടെയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് തടയുകയും യാത്രികരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഇസ്തിത്‌ലാ പ്ലാറ്റ്ഫോം വഴിയാണ് ഡയറക്ടറേറ്റ് നിർദേശം അവതരിപ്പിച്ചത്. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിള്‍ 68 ലെ നാലാം ഖണ്ഡികയാണ് ഭേദഗതി ചെയ്യുന്നത്. മരണപ്പെട്ട വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം അനുമതിയില്ലാതെ ഓടിക്കുന്നത് ട്രാഫിക് നിയമ ലംഘനമായി കണക്കാക്കുന്നതാണ് ഭേദഗതി.

വളരെ പുതിയ വളരെ പഴയ