വാഷിങ്ടൺ ഡിസി: ഇസ്‌ലാമാബാദിൽ നാളെ നടക്കാനിരിക്കുന്ന രണ്ടാംവട്ട സമാധാന ചർച്ചയ്ക്ക് മുന്നോടിയായി ഇറാനെതിരെ കടുത്ത യുദ്ധഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് മുന്നോട്ടുവെക്കുന്ന സമാധാന കരാർ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തെ മുഴുവൻ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്കിൽ ഫ്രാൻസിന്റെയും യുകെയുടെയും കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തത് വെടിനിർത്തൽ കരാറിന്റെ ഗുരുതരമായ ലംഘനമാണെന്ന് ട്രംപ് ആരോപിച്ചു. ഇത്തരം പ്രകോപനങ്ങൾ അനുവദിക്കില്ലെന്നും ഇനി ഇറാനോട് സൗമ്യമായ സമീപനം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 47 വർഷമായി മുൻ പ്രസിഡന്റുമാർ ചെയ്യാൻ മടിച്ച കാര്യങ്ങൾ ചെയ്യാൻ തനിക്ക് മടിയില്ലെന്നും ഇറാന്റെ 'കൊലപാതക യന്ത്രം' അവസാനിപ്പിക്കേണ്ട സമയമായെന്നും ട്രംപ് കുറിച്ചു.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ പരിഹസിച്ച ട്രംപ്, ഇത് ഇറാന് തന്നെയാണ് തിരിച്ചടിയാകുന്നതെന്ന് ചൂണ്ടിക്കാട്ടി. കടലിടുക്ക് അടഞ്ഞുകിടക്കുന്നതിലൂടെ പ്രതിദിനം 500 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഇറാന് സംഭവിക്കുന്നത്. എന്നാൽ അമേരിക്കയ്ക്ക് ഇതുകൊണ്ട് നഷ്ടമില്ലെന്നും ടെക്സസ്, ലൂസിയാന, അലാസ്ക എന്നിവിടങ്ങളിൽ നിന്ന് ചരക്കുനീക്കം സുഗമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുഎസ് പ്രതിനിധികൾ നാളെ വൈകുന്നേരത്തോടെ ഇസ്‌ലാമാബാദിലെത്തി ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തും. ഈ ചർച്ചയിൽ അനുകൂലമായ നിലപാട് ഇറാൻ സ്വീകരിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങുമെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുമെന്ന അന്താരാഷ്ട്ര മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ട്രംപിന്റെ ഈ വിവാദ പരാമർശം.

