ദുബായ്: പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യങ്ങള്‍ക്കിടയില്‍ യുഎഇയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതായി റിപ്പോര്‍ട്ടുകള്‍.
യുഎഇയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇപ്പോള്‍ രാജ്യത്തിന് ഒരു ഭാരമായി മാറിയിരിക്കുകയാണെന്നും അവ ഒഴിവാക്കേണ്ട സമയമായെന്നും യുഎഇയിലെ പ്രമുഖ നിരീക്ഷകന്‍ അബ്ദുല്‍ ഖാലിഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇനി യുഎഇയുടെ തന്ത്രപരമായ ആസ്തികളല്ലെന്ന് അബ്ദുല്‍ ഖാലിഖ് അബ്ദുള്ള എക്സില്‍ കുറിച്ചു.
'യുഎഇയെ സംരക്ഷിക്കാന്‍ ഇനി അമേരിക്കയുടെ ആവശ്യമില്ലെന്ന് ഇറാനിയന്‍ ആക്രമണ സമയത്ത് രാജ്യം തെളിയിച്ചതാണ്. സ്വന്തം പ്രതിരോധ ശേഷി ഉപയോഗിച്ച് ആക്രമണങ്ങളെ നേരിടാന്‍ യുഎഇക്ക് സാധിക്കും,' അദ്ദേഹം വ്യക്തമാക്കി.
അത്യാധുനിക ആയുധങ്ങള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ യുഎഇ താല്പര്യപ്പെടുന്നുണ്ടെങ്കിലും വിദേശ സൈനിക താവളങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇപ്പോള്‍ ഉയരുന്നത്.
യുഎഇയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം.
അല്‍ മിന്‍ഹാദിന് സമീപമുള്ള അമേരിക്കന്‍ കമാന്‍ഡ് സൈറ്റില്‍ ആക്രമണം നടത്തിയതായും യുഎസ് സൈനികര്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഇറാന്‍ അവകാശപ്പെട്ടു.
എന്നാല്‍ ഇക്കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. ബഹ്റൈന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങളിലും ഇറാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്‍ വിക്ഷേപിച്ച ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും സ്വന്തം പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടയാന്‍ യുഎഇക്ക് സാധിച്ചിരുന്നു.
വിദേശ സൈനിക സാന്നിധ്യത്തേക്കാള്‍ സ്വന്തം സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലാണ് യുഎഇ ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

