മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കിടെ പിടിയിലായ 29 വയസ്സുകാരനായ വിദേശിക്ക് ഹൈ ക്രിമിനല്‍ കോടതി 10 വർഷം തടവും 5,000 ബഹ്റൈൻ ദിനാർ പിഴയും വിധിച്ചു.
ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. പൊലിസിനെ കണ്ട് പരിഭ്രാന്തനായ പ്രതി, കൈവശമുണ്ടായിരുന്ന രണ്ട് പാക്കറ്റ് കൊക്കെയ്ൻ വിഴുങ്ങി നശിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍ ഉദ്യോഗസ്ഥർ ഇയാളെ ബലമായി കീഴടക്കുകയായിരുന്നു.
കൊക്കെയ്ൻ, മരിജുവാന, മെത്താംഫെറ്റാമൈൻ (ഐസ്), സി.ബി.ഡി ഓയില്‍ അടങ്ങിയ ഇ-സിഗരറ്റ് കാട്രിഡ്ജ് എന്നിവ ഇയാളില്‍ നിന്നും കണ്ടെടുത്തു. 'ഫ്രാങ്ക്' എന്ന് വിളിക്കപ്പെടുന്ന ആഫ്രിക്കൻ സ്വദേശിയാണ് തന്നെക്കൊണ്ട് മയക്കുമരുന്ന് വിതരണം ചെയ്യിക്കുന്നതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലിസ് അറിയിച്ചു.
ആവശ്യക്കാർക്ക് നേരിട്ടോ അല്ലെങ്കില്‍ രഹസ്യ കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് നിക്ഷേപിച്ചോ ആണ് ഇവർ വിതരണം നടത്തിയിരുന്നത്. പ്രതിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

