header-ad

ഹജ്ജ് നിയന്ത്രണം കടുപ്പിച്ചു; മക്കയിലേക്ക് പ്രവേശിക്കാൻ പെര്‍മിറ്റ് നിര്‍ബന്ധം, ലംഘിച്ചാല്‍ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നടപടി


റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി മക്കയില്‍ സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

തിങ്കളാഴ്ച (ഏപ്രില്‍ 13) പുലർച്ചെ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി സുരക്ഷാ അധികൃതർ അറിയിച്ചു. ഔദ്യോഗിക ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികളെ മക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും തടയും.

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഇനി പറയുന്ന വിഭാഗങ്ങളില്‍ പെട്ടവർക്ക് മാത്രമേ നിലവില്‍ മക്കയിലേക്ക് പ്രവേശനാനുമതി ഉള്ളൂ.

1. മക്ക ഇഖാമയുള്ളവർ: മക്കയില്‍ താമസരേഖയുള്ള വിദേശികള്‍.

2. ഹജ്ജ് പെർമിറ്റുള്ളവർ: ഈ വർഷത്തെ ഹജ്ജിനായി ഔദ്യോഗിക അനുമതി പത്രം ലഭിച്ചവർ.

3. ജോലി പെർമിറ്റുള്ളവർ: വിശുദ്ധ നഗരങ്ങളില്‍ ജോലി ചെയ്യുന്നതിനായി 'അബ്ഷിർ' അല്ലെങ്കില്‍ 'മുഖീം' പോർട്ടല്‍ വഴി ഇലക്‌ട്രോണിക് വർക്ക് പെർമിറ്റ് നേടിയവർ.

ഹജ്ജ് ഒരുക്കങ്ങള്‍ പൂർത്തിയാക്കുന്നതിനായി സന്ദർശക വിസയില്‍ ഉള്ളവർക്കും ഉംറ തീർഥാടകർക്കും കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്:

1. മടക്കയാത്ര: ഉംറ വിസയില്‍ എത്തിയവർ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രില്‍ 18 ആണ്.

2. പെർമിറ്റ് നിർത്തിവെച്ചു: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായി 'നൂസുക്' (Nusuk) ആപ്പ് വഴി നല്‍കിവരുന്ന ഉംറ പെർമിറ്റുകള്‍ ഏപ്രില്‍ 18 മുതല്‍ മെയ് 31 വരെ താല്‍ക്കാലികമായി നിർത്തിവെച്ചു.

3. ഹജ്ജ് വിസ നിർബന്ധം: ഏപ്രില്‍ 18 മുതല്‍ ഹജ്ജ് വിസയുള്ളവർക്ക് മാത്രമേ മക്കയില്‍ തുടരാനോ പുതിയതായി പ്രവേശിക്കാനോ അനുമതിയുള്ളൂ. ഉംറ, വിസിറ്റ് വിസക്കാർക്ക് ഈ കാലയളവില്‍ പ്രവേശന വിലക്കുണ്ടായിരിക്കും.

കടുത്ത ശിക്ഷ

മക്കയിലെ താമസകേന്ദ്രങ്ങളില്‍ ഔദ്യോഗിക പെർമിറ്റില്ലാത്തവരെ താമസിപ്പിക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

ദുല്‍ഖഅദ ഒന്ന് (ഏപ്രില്‍ 18) മുതല്‍ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹജ്ജ് തീർഥാടകർ മക്കയിലേക്ക് എത്തിത്തുടങ്ങുന്നതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കർശനമാക്കാനാണ് സുരക്ഷാ വിഭാഗത്തിൻ്റെ തീരുമാനം.

വളരെ പുതിയ വളരെ പഴയ