ഒരാഴ്ചക്കുള്ളില്‍ നാടുകടത്തിയത് 9,800 പ്രവാസികളെ, പരിശോധന കടുപ്പിച്ച്‌ സൗദി; കര്‍ശന നടപടി തുടര്‍ന്ന് അധികൃതര്‍


റിയാദ്: രാജ്യത്ത് ഇഖാമ, തൊഴില്‍, അതിർത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെയുള്ള പരിശോധനകള്‍ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 19,000 നിയമലംഘകരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. നിലവില്‍ ആയിരത്തിലധികം വനിതകള്‍ ഉള്‍പ്പെടെ 23,600-ലധികം വിദേശികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞയാഴ്ച പിടിയിലായവരില്‍ ഭൂരിഭാഗവും ഇഖാമ നിയമ ലംഘകരും അതിർത്തി സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തവരുമാണ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,158 പേരും, രാജ്യം വിടാൻ ശ്രമിച്ച 54 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

 പിടിയിലായവരില്‍ 16,400 പേരെ യാത്രാ രേഖകള്‍ക്കായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. നടപടികള്‍ പൂർത്തിയാക്കിയ 9,800 പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്തു നിന്ന് നാടുകടത്തി.

നിയമ ലംഘകർക്ക് അഭയവും ജോലിയും നല്‍കി സംരക്ഷിച്ച എട്ടുപേരും പിടിയിലായിട്ടുണ്ട്. അതിർത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവർക്ക് സഹായം നല്‍കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും 15 വർഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലവും കണ്ടുകെട്ടുകയും ചെയ്യും.

 നിയമ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മക്ക, മദീന, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും, മറ്റ് സ്ഥലങ്ങളില്‍ 999 അല്ലെങ്കില്‍ 996 എന്നീ നമ്പറുകളിലും വിളിച്ച്‌ അധികൃതരെ അറിയിക്കാവുന്നതാണ്.

വളരെ പുതിയ വളരെ പഴയ