കുവൈറ്റ് :ഗൾഫ് പ്രവാസികൾക്ക് സന്തോഷവാർത്തയുമായി കുവൈറ്റ് ആസ്ഥാനമായുള്ള ജസീറ എയർവേയ്‌സ്. കേരളത്തിലെ കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ നാല് നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നു. കർണാടകയിലെ മംഗളൂരു, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി എന്നിവയാണ് ജസീറയുടെ പട്ടികയിൽ പുതുതായി ഇടംപിടിച്ച മറ്റ് വിമാനത്താവളങ്ങൾ.
സൗദി അറേബ്യയിലെ ദമാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരിക്കും ഈ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക. ഇത് പ്രവാസികളുടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായാണ് പുതിയ സർവീസുകൾ ഏർപ്പെടുത്തിയത്.
നിലവിൽ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ എട്ട് നഗരങ്ങളിലേക്ക് ജസീറ സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ നാല് സർവീസുകൾ കൂടി വരുന്നത്. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ പ്രവാസികൾക്ക് മികച്ച യാത്രാസൗകര്യം ഉറപ്പാക്കാനുമാണ് എയർലൈൻ ലക്ഷ്യമിടുന്നതെന്ന് ജസീറ എയർവേയ്‌സ് സി.ഇ.ഒ ഭരതൻ പശുപതി വ്യക്തമാക്കി.

