header-ad

ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ; ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ പാകിസ്ഥാന്റെ ഇടപെടൽ


 വാഷിംഗ്ടൺ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ യുദ്ധഭീതിക്ക് താൽക്കാലിക ശമനം. ഇറാനെതിരായ സൈനിക നടപടികൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സൈനിക മേധാവി ജനറൽ അസീം മുനീറിന്റെയും മധ്യസ്ഥതയിലുള്ള ചർച്ചകൾക്കൊടുവിലാണ് ട്രംപ് ഈ നിർണ്ണായക തീരുമാനമെടുത്തത്.

ഇറാനുനേരെയുള്ള ബോംബാക്രമണങ്ങളും മറ്റ് സൈനിക നീക്കങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ താൻ സമ്മതിച്ചതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഇത് ഇരുപക്ഷവും പാലിക്കേണ്ട വെടിനിർത്തലാണെന്നും, അമേരിക്കയുടെ പ്രാഥമിക സൈനിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ദീർഘകാല സമാധാന കരാറിനായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും തർക്കവിഷയങ്ങളിൽ ഭൂരിഭാഗത്തിലും ധാരണയായതായും ട്രംപ് അറിയിച്ചു.

നിബന്ധനകൾ:

ഹോർമുസ് കടലിടുക്ക് ഉടനടി സുരക്ഷിതമായി തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണം എന്ന കർശന നിബന്ധനയിലാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ട്രംപ് നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിക്കാൻ വെറും ഒരു മണിക്കൂർ ബാക്കിനിൽക്കെയാണ് ലോകത്തിന് ആശ്വാസമേകുന്ന ഈ പ്രഖ്യാപനം ഉണ്ടായത്.

ഇസ്രായേലും പങ്കാളി:

അമേരിക്ക പ്രഖ്യാപിച്ച ഈ വെടിനിർത്തലിൽ ഇസ്രായേലും പങ്കാളിയാകുമെന്ന് വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചു. ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ തങ്ങളുടെ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കും. ഇറാൻ വഴങ്ങിയില്ലെങ്കിൽ ആ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന ഭീഷണിക്കിടെയുണ്ടായ ഈ നയതന്ത്ര വിജയം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാവുകയാണ്.



വളരെ പുതിയ വളരെ പഴയ