വ്യാജ ഇഖാമയും നുസുക് കാർഡും നിർമ്മിച്ച 18 പ്രവാസികൾ മക്കയിൽ പിടിയിൽ


 മക്ക: നിയമവിരുദ്ധമായി ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി വ്യാജ ഇഖാമകളും നുസുക് കാർഡുകളും ഹജ്ജ് ബ്രേസ്‌ലെറ്റുകളും നിർമ്മിച്ച് വിതരണം ചെയ്ത 18 പ്രവാസികളെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

മക്കയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടന്ന റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് വ്യാജ രേഖകളും ഇവ നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പൊതുസുരക്ഷാ വകുപ്പ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. അറസ്റ്റിലായവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഹജ്ജ് നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് തീർത്ഥാടകരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. നിയമലംഘനങ്ങളെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലും വിളിച്ച് വിവരമറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.


വളരെ പുതിയ വളരെ പഴയ