ദുബായ്: ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നതായി ദുബായ് പോലീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ 36 വലിയ അപകടങ്ങളാണ് രേഖപ്പെടുത്തിയത്.
ഗതാഗത സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന ഈ പ്രവണതയ്ക്കെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.
പോലീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ലൈസൻസില്ലാത്ത ഡ്രൈവർമാർ ഉൾപ്പെട്ട അപകടങ്ങളിൽ പലതും മരണങ്ങൾക്കും ഗുരുതരമായ ശാരീരിക പരിക്കുകൾക്കും കാരണമായിട്ടുണ്ട്.
ഡ്രൈവിംഗിൽ മതിയായ പരിശീലനം ലഭിക്കാത്തവരും ഗതാഗത നിയമങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരുമാണ് ഇത്തരം നിയമ ലംഘനങ്ങളിൽ ഭൂരിഭാഗവും ഏർപ്പെടുന്നത്. പലപ്പോഴും രാത്രികാലങ്ങളിലാണ് ഇത്തരം നിയമലംഘനങ്ങൾ കൂടുതൽ നടക്കുന്നത്.
യുഎഇ ഗതാഗത നിയമപ്രകാരം ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരക്കാർക്കെതിരെ കനത്ത പിഴ, തടവ് ശിക്ഷ, വാഹനം പിടിച്ചെടുക്കൽ ഉൾപ്പടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമ ലംഘകർക്ക് ഭീമമായ തുക പിഴയായി ഒടുക്കേണ്ടി വരും.
കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ജയിൽ ശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്. ലൈസൻസില്ലാത്ത വ്യക്തി ഓടിക്കുന്ന വാഹനം നിശ്ചിത കാലയളവിലേക്ക് പോലീസ് കണ്ടുകെട്ടുകയും ചെയ്യും.
ചെറുപ്പക്കാർ, പ്രത്യേകിച്ച് കൗമാരക്കാർ രക്ഷിതാക്കളുടെ അറിവോടും അല്ലാതെയുമൊക്കെ വാഹനങ്ങൾ നിരത്തിലിറക്കുന്നത് തടയണമെന്ന് പോലീസ് നിർദ്ദേശിച്ചു. ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം കൈമാറുന്ന ഉടമയ്ക്കെതിരെയും നിയമ നടപടികൾ ഉണ്ടാകും.
റോഡ് സുരക്ഷ ഓരോ പൗരന്റെയും പ്രവാസിയുടെയും ഉത്തരവാദിത്തമാണെന്നും, നിയമങ്ങൾ പാലിച്ച് മാത്രമേ നിരത്തിലിറങ്ങാവൂ എന്നും ദുബായ് പോലീസ് ഓർമ്മിപ്പിച്ചു.
