സൗദി അറേബ്യ :കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ഇരുപത് വർഷത്തെ ജയിൽ വാസം അവസാന ഘട്ടത്തിലേക്ക്. സൗദി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. ജയിൽ മോചനത്തിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയായതായി നിയമസഹായ സമിതി ഭാരവാഹികളും കുടുംബാംഗങ്ങളും അറിയിച്ചു.
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് 2006 ലാണ് അബ്ദുറഹീം ജയിലിലാവുന്നത്. കേസിൽ കോടതി ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും ആഗോള മലയാളി സമൂഹം ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി (ബ്ലഡ് മണി) നൽകിയതോടെ വധശിക്ഷ ഒഴിവാക്കപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ സൗദി പൊതുനിയമപ്രകാരം കോടതി വിധിച്ച തടവുശിക്ഷയാണ് ഇപ്പോൾ പൂർത്തിയാകുന്നത്. ജയിൽ മോചനവുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സിറ്റ് നടപടികൾ പൂർത്തിയാകുന്നതോടെ അടുത്ത ദിവസങ്ങളിൽ തന്നെ റഹീമിന് നാട്ടിലേക്ക് തിരിക്കാനാകും. രാജ്യം വിടാനുള്ള എമർജൻസി സർട്ടിഫിക്കറ്റ് റിയാദിലെ ഇന്ത്യൻ എംബസി ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സൗദിയിൽ പെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നിയമസഹായ സമിതി.
