റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പോലീസ് അന്വേഷണ വിഭാഗം നടത്തിയ റെയ്ഡില്‍ അനധികൃതമായി താമസിക്കുന്ന നിരവധി പേരെ പിടികൂടി.
പിടിയിലായവരില്‍ ഭൂരിഭാഗവും വിസിറ്റിംഗ് വിസയില്‍ വന്ന് വിസ കാലാവധി കഴിഞ്ഞിട്ടും, ഇഖാമ കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ തങ്ങുന്നവരാണ്.
ഭിക്ഷാടനത്തിന്റെയും തെരുവുകളിലെ അനധികൃത കച്ചവടത്തിന്റെയും പേരിലാണ് കൂടുതല്‍ പേരും പിടിക്കപ്പെട്ടത്. പള്ളികള്‍ക്ക് മുന്നിലും വലിയ ഷോപ്പിങ് മാളുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും മുന്നിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം ഭിക്ഷാടനം നടത്തുന്നതായി അന്വേഷണ വിഭാഗം കണ്ടെത്തി. സൗദി നിയമപ്രകാരം ഭിക്ഷാടനം പൂർണമായും നിരോധിച്ചതാണ്.
പിടിക്കപ്പെട്ടവരെ നാടുകടത്തല്‍ കേന്ദ്രം വഴി അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ലേബർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നിയമം ലംഘിച്ചവർക്ക് ജയില്‍ ശിക്ഷയും പിഴയും നല്‍കും. ഇവരുടെ വിസിറ്റിംഗ് വിസയോ ഉംറ വിസയോ തരപ്പെടുത്തിയ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വലിയ പിഴയും കരിമ്പട്ടികയില്‍പ്പെടുത്തലും നേരിടേണ്ടി വരും.
സൗദി ലേബർ നിയമപ്രകാരം അനുവദിച്ച പ്രൊഫഷനിലും സ്പോണ്‍സറുടെ കീഴില്‍ മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ. നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക രഹസ്യ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിഷൻ 2030-ന്റെ ഭാഗമായി ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്നതിനൊപ്പം അനധികൃത താമസക്കാരെ ഒഴിവാക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്.
ഹജ്ജ്, ഉംറ, ഫാമിലി വിസിറ്റിങ് വിസകളില്‍ വന്നവരും പിടിയിലായവരിലുണ്ട്. നിയമ വിരുദ്ധമായി ഹജ്ജിന് ശ്രമിച്ചാല്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെയും വ്യക്തികള്‍ക്ക് 20,000 റിയാല്‍ വരെയും പിഴ ഈടാക്കുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.
പിടിക്കപ്പെട്ടവരെ നാടു കടത്തുകയല്ലാതെ മറ്റൊരു മാർഗമില്ലെന്ന് അന്വേഷണ സമിതി ഇന്ത്യൻ എംബസിയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ശക്തമായ ഇടപെടല്‍ നടത്താൻ വിദേശകാര്യ മന്ത്രാലയത്തെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
അനധികൃതമായി തങ്ങുന്നവർ പിടിക്കപ്പെട്ടാല്‍ നിയമനടപടിയും പിഴയും നേരിടേണ്ടിവരുമെന്നും ഇവരെ സഹായിക്കാൻ ഇന്ത്യൻ എംബസിക്കോ സാമൂഹ്യ സംഘടനകള്‍ക്കോ കഴിയില്ലെന്നും ഗള്‍ഫ് മലയാളി ഫെഡറേഷൻ ജിസി ചെയർമാൻ റാഫി പാങ്ങോടും സൗദി നാഷണല്‍ കമ്മിറ്റി കോഡിനേറ്റർ അഫ്സല്‍ കണ്ണൂരും അറിയിച്ചു.
