ആക്രമണ ഭീഷണി: യുഎഇയിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി; ജാഗ്രതാ നിർദ്ദേശം

 


അബുദാബി: യുഎഇ ലക്ഷ്യമാക്കി മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾ ഉണ്ടായതിനെത്തുടർന്ന് രാജ്യത്ത് സുരക്ഷാ മുൻകരുതൽ കർശനമാക്കി. വെള്ളിയാഴ്ച പുലർച്ചെ 6.36 ഓടെയാണ് അധികൃതർ പൊതുജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായും ഭീഷണികളെ ഫലപ്രദമായി നേരിടുന്നുണ്ടെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമായി ഉണ്ടായതാണെന്ന് സർക്കാർ മീഡിയ ഓഫീസ് വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കുന്നുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്നും കൂടുതൽ ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അധികൃതർ ഉറപ്പുനൽകി.

 

വളരെ പുതിയ വളരെ പഴയ