ബഹ്റൈൻ: ബഹ്റൈനില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. ഓരോ ഇ-സ്‌കൂട്ടറിലും ഉടമയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ക്യു.ആര്‍ കോഡോ ബാര്‍കോഡോ നിര്‍ബന്ധമാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനൊപ്പം പ്രത്യേക ബോധവത്ക്കരണ ക്യാമ്പയിനും ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ബഹ്റൈനിലെ ബുദയ്യയില്‍ ഇലക്‌ട്രിക് ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ഇ-സ്‌കൂട്ടറുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മുഹമ്മദ് അല്‍ ദോസരിയാണ് ഇ-സ്‌കൂട്ടറുകള്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.
സ്‌കൂട്ടറുകളുടെ ഉപയോഗം നിയമ വിധേയമാക്കാനല്ല ഈ നിര്‍ദ്ദേശമെന്നും അപകടങ്ങളോ നിയമ ലംഘനങ്ങളോ ഉണ്ടായാല്‍ ഉടമയെ വേഗത്തില്‍ തിരിച്ചറിയാനും ഉത്തരവാദിത്തം ഉറപ്പാക്കാനുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓരോ ഇ-സ്‌കൂട്ടറിലും ഉടമയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ക്യു.ആര്‍ കോഡോ ബാര്‍കോഡോ നിര്‍ബന്ധമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പരിശോധനയ്ക്കിടെ ഇത് സ്‌കാന്‍ ചെയ്ത് ഉടമയുടെ വിവരങ്ങള്‍ ഉടന്‍ കണ്ടെത്താന്‍ പൊലീസിന് കഴിയും.
പ്രായപൂര്‍ത്തിയാകാത്തവര്‍ നിയന്ത്രണമില്ലാതെ സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും നിര്‍ദ്ദേശത്തില്‍ ചൂണ്ടികാട്ടുന്നു.
2025 ഫെബ്രുവരി മുതല്‍ പൊതുറോഡുകളിലും എമര്‍ജന്‍സി ലെയിനുകളിലും ഇ-സ്‌കൂട്ടറുകളും സമാന വാഹനങ്ങളും ഉപയോഗിക്കുന്നത് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് നിരോധിച്ചിട്ടുണ്ട്.
നിയമ ലംഘനം നടത്തുന്നവരുടെ സ്‌കൂട്ടറുകള്‍ പിടിച്ചെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി നിരവധി പ്രദേശങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.
സൈക്കിളുകളെ അപേക്ഷിച്ച് ഇ-സ്‌കൂട്ടറുകളില്‍ അപകട സാധ്യത നാല് മടങ്ങ് കൂടുതലാണെന്നാണ് വിലയിരുത്തല്‍. ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതെയും ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
