സൗദിയിൽ താമസസ്ഥലത്തെ മുറിയിലുണ്ടായ തീപിടുത്തത്തിൽ പുക ശ്വസിച്ച്‌ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം


റിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച്‌ മലയാളി മരിച്ചു. കാസർഗോഡ് സ്വദേശിയും മക്കയിലെ സജീവ കെ.എം.സി.സി പ്രവർത്തകനുമായ പി.പി.മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. അസീസിയയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള താമസ സ്ഥലത്തായിരുന്നു അപകടം. 

മുറിയില്‍ തീപിടുത്തമുണ്ടായതിനെ തുടർന്ന് ആളിപ്പടർന്ന പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് കുഞ്ഞിക്കൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളും അപകടത്തില്‍ മരിച്ചതായാണ് വിവരം.

മക്കയിലെ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ വേർപാട് പ്രവാസി സമൂഹത്തിന് വലിയ നോവായി മാറി.

 പിതാവ്: പരേതനായ എം.ടി. അമീർ അലി. മാതാവ്: പി.പി. സഫിയത്ത്. സഹോദരങ്ങള്‍: പി.പി. ഖലാം, പി.പി. റസാക്ക്, പി.പി. അഷറഫ്, പി.പി. നസീമ. മുത്തച്ഛൻ: ആറില്‍ മഹ്‌മൂദ് ഹാജി. നിലവില്‍ മൃതദേഹം മക്കയിലെ അല്‍ നൂർ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് കെ.എം.സി.സി ഭാരവാഹികളും ബന്ധുക്കളും അറിയിച്ചു.

വളരെ പുതിയ വളരെ പഴയ