കുവൈത്ത് വിമാനത്താവളത്തില്‍ വൻ സിഗരറ്റ് കള്ളക്കടത്ത്; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം മൂന്ന് പേര്‍ പിടിയില്‍


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സിഗരറ്റ് കടത്താൻ ശ്രമിച്ച ആസൂത്രിത സംഘത്തെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി.

രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരും ഒരു ശുചീകരണ തൊഴിലാളിയുമാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലെ നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായി സിഗരറ്റ് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, 31 കാർട്ടണ്‍ സിഗരറ്റുകളുമായി ഒരു ബംഗ്ലാദേശി ശുചീകരണ തൊഴിലാളിയെയാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

 വിദേശ യാത്രക്കാരുടെ ബോർഡിംഗ് പാസുകള്‍ ഉപയോഗിച്ച്‌ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് സിഗരറ്റ് വാങ്ങാൻ ഒരു കസ്റ്റംസ് ഇൻസ്പെക്ടർ തന്റെ ബാങ്ക് കാർഡും വർക്ക് പെർമിറ്റും നല്‍കി സഹായിച്ചതായി കണ്ടെത്തി.

മറ്റൊരു കസ്റ്റംസ് ഇൻസ്പെക്ടർ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച്‌, സാധാരണ കസ്റ്റംസ് പരിശോധനകള്‍ ഒഴിവാക്കി ഈ ഉല്‍പ്പന്നങ്ങള്‍ ട്രാൻസിറ്റ് ഏരിയയിലൂടെ കടത്തിക്കൊണ്ടു പോകാനും തന്റെ സ്വകാര്യ വാഹനത്തില്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാനും സഹായിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു. പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതികളെയും തുടർനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

നിയമലംഘനം നടത്തുന്നവർ ആരായാലും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കുമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ