ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ഐസിസി) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈദ് ബസാറും മെഹന്തി നൈറ്റും മേയ് 22, 23 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറ് മണി മുതൽ ഐസിസി അശോകാ ഹാൾ പരിസരത്താണ് പരിപാടി ഒരുക്കുന്നത്. കുടുംബങ്ങൾക്കും സന്ദർശകർക്കുമായി ആഘോഷപൂർണമായ ഷോപ്പിങ്, സാംസ്കാരിക അനുഭവം സമ്മാനിക്കുന്ന പരിപാടിയിൽ വിവിധ ഹാൻഡിക്രാഫ്റ്റ്, ലെതർ ഉൽപന്നങ്ങൾ, ഇമിറ്റേഷൻ ജ്വല്ലറികൾ, ഇന്ത്യൻ പരമ്പരാഗത റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയടങ്ങിയ സ്റ്റാളുകൾ ഉണ്ടായിരിക്കും.
വ്യത്യസ്തങ്ങളായ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള ഫുഡ് സ്റ്റാളുകളും മേളയുടെ പ്രധാന ആകർഷണമായിരിക്കും. കൂടാതെ, പെരുന്നാൾ രാവുകൾക്ക് മാറ്റുകൂട്ടാൻ മൈലാഞ്ചി അണിയാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ലൈവ് ഹെന്ന സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. ആകെ 52 ജനറൽ സ്റ്റാളുകളും 5 ഫുഡ് സ്റ്റാളുകളും 9 ഹെന്ന സ്റ്റേഷനുകളുമാണ് ഈ വർഷത്തെ ബസാറിൽ അണിനിരക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രണ്ടായിരത്തിലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ചെറുകിട ഇന്ത്യൻ സംരംഭകർക്കും ഹോം ബേസ്ഡ് ബിസിനസുകൾക്കും അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വേദിയായിരിക്കും ഈ പരിപാടി. വനിതാ സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം സാംസ്കാരിക കൈമാറ്റവും പ്രാദേശിക ബിസിനസുകളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി.
