header-ad

യുഎഇയിൽ ലേബർ ക്യാമ്പുകൾക്ക് പുതിയ നിബന്ധനകൾ; നിയമലംഘകർക്ക് പത്ത് ലക്ഷം ദിർഹം വരെ പിഴ


 ദുബായ്:യുഎഇയിലെ തൊഴിലാളി താമസകേന്ദ്രങ്ങളുടെ (Labor Accommodations) നിലവാരം ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം മികച്ച ജീവിതസൗകര്യങ്ങൾ ലഭ്യമാക്കുകയുമാണ് പുതിയ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ലേബർ ക്യാമ്പുകളിൽ സൗജന്യ വൈഫൈ (Internet) സൗകര്യം ഏർപ്പെടുത്തണമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. ആയിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ നിർബന്ധമാക്കി. മുറികൾക്കുള്ളിൽ പാചകം ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചു; പകരം ആധുനിക സജ്ജീകരണങ്ങളുള്ള പൊതു അടുക്കളകളും ഡൈനിംഗ് ഹാളുകളും ഒരുക്കണം. ഓരോ തൊഴിലാളിക്കും പ്രത്യേക കട്ടിലും ലോക്കർ സൗകര്യവും ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.

വിനോദത്തിനുള്ള ഇടങ്ങൾ, മണി എക്സ്ചേഞ്ച് കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങളും ക്യാമ്പുകളിൽ ഏർപ്പെടുത്തണം. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് കനത്ത പിഴയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ലംഘനങ്ങളുടെ ഗൗരവമനുസരിച്ച് 500 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴ 10 ലക്ഷം ദിർഹം വരെയാകാൻ സാധ്യതയുണ്ട്.



വളരെ പുതിയ വളരെ പഴയ