കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാപക പരിശോധനയില്‍ 15,000ത്തിലേറെ ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
ഏപ്രില്‍ 20 മുതല്‍ 26 വരെ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ- ട്രാഫിക് പരിശോധനയില്‍ 396 പേരെ അറസ്റ്റ് ചെയ്യുകയും 15,088 ട്രാഫിക് നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പൊലീസും ചേർന്ന് നടത്തിയ നടപടിയില്‍ 188 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിള്‍ 207 പ്രകാരം 137 വാഹനങ്ങളും 15 ബൈക്കുകളും പിടിച്ചെടുത്തു.
പരിശോധനയില്‍ 2,375 ട്രാഫിക് കേസുകളും 205 പേർക്ക് പരിക്കേറ്റ അപകടങ്ങളും 865 സാധാരണ അപകടങ്ങളും റിപ്പോർട്ട് ചെയ്തു. കാലാവധി കഴിഞ്ഞ റെസിഡൻസി ഉള്ള 63 പേരും തിരിച്ചറിയല്‍ രേഖകളില്ലാത്ത 6 പേരും മദ്യലഹരിയില്‍ ഉണ്ടായിരുന്ന ഒരാളും ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. കൂടാതെ വിവിധ കേസുകളില്‍ വാറന്റുള്ള 122 പേരെയും നിയമ പ്രശ്നങ്ങളുള്ള 26 വാഹനങ്ങളെയും പിടികൂടി.
എമർജൻസി പൊലീസ് 146 കുറ്റകൃത്യ കേസുകളിലുള്ളവരെയും 45 റെസിഡൻസി കാലാവധി കഴിഞ്ഞവരെയും 14 തിരിച്ചറിയല്‍ രേഖകളില്ലാത്തവരെയും അറസ്റ്റ് ചെയ്തു. ഈ നടപടികള്‍ റോഡ് സുരക്ഷ ശക്തമാക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് അധികൃതർ അറിയിച്ചു.

