അബുദാബി: ഇന്ത്യൻ പ്രൊഫഷണലുകളുടെ തൊഴിൽ സംസ്കാരത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ച് ഇമാർ പ്രോപ്പർട്ടീസ് സ്ഥാപകനും ബുർജ് ഖലീഫയുടെ നിർമാതാവുമായ മുഹമ്മദ് അലബ്ബാർ. ഇന്ത്യൻ തൊഴിലാളികളുടെ അർപ്പണബോധവും ഉത്തരവാദിത്തബോധവുമാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അബുദാബിയിൽ നടന്ന 'മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്' ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ജീവനക്കാരുടെ തൊഴിൽ സ്ഥിരതയും ഏത് സമയത്തും ലഭ്യമാകാനുള്ള സന്നദ്ധതയും എടുത്തുപറഞ്ഞ അലബ്ബാർ, പുലർച്ചെ ഒരു മണിക്ക് വിളിച്ചാൽ പോലും അവർ ഫോൺ എടുക്കുമെന്നും അത് ജോലിയോടുള്ള അവരുടെ ആത്മാർത്ഥതയാണ് കാട്ടുന്നതെന്നും വ്യക്തമാക്കി. കഠിനാധ്വാനം ചെയ്യാത്ത പ്രതിഭയെ കഠിനാധ്വാനിയായ ഒരാൾ എളുപ്പത്തിൽ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം വിജയരഹസ്യം കഠിനാധ്വാനമാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, ശരാശരി ബുദ്ധിശക്തിയുള്ള ഒരാൾക്ക് പോലും കഠിനാധ്വാനത്തിലൂടെ വലിയ നേട്ടങ്ങൾ കൊയ്യാമെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യൻ തൊഴിലാളികളുടെ മികച്ച പ്രകടനമാണ് അവരെ തന്റെ സ്ഥാപനങ്ങളിൽ നിയമിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അലബ്ബാർ വ്യക്തമാക്കി.
