ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിൽ താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം (QMD) മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ചൂട് വർധിക്കുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. താപനില കുറഞ്ഞത് 31 ഡിഗ്രി സെൽഷ്യസിനും പരമാവധി 41 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കാനാണ് സാധ്യത.
വെള്ളിയാഴ്ച വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് ദിശകളിൽ നിന്ന് മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ 2 അടി മുതൽ 4 അടി വരെയും ചില സമയങ്ങളിൽ 8 അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് ക്യൂ.എം.ഡി പുറത്തിറക്കിയ പ്രതിവാര റിപ്പോർട്ടിൽ പറയുന്നു.
മെയ് 16 ശനിയാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പകൽ ചൂട് അനുഭവപ്പെടുമെങ്കിലും രാത്രിയിൽ മിതമായ കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
