സൗദിയിൽ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു; സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷം ഒത്തുകൂടാം

 


സൗദി അറേബ്യയിൽ ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) നമസ്‌കാര സമയം ഇസ്ലാമികകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഉമ്മുൽഖുറാ കലണ്ടർ അനുസരിച്ച്, രാജ്യത്തെ എല്ലാ പ്രവിശ്യകളിലെയും നഗരങ്ങളിലെയും നിശ്ചിത ഈദ് ഗാഹുകളിലും മസ്ജിദുകളിലും സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷമായിരിക്കും പെരുന്നാൾ നമസ്‌കാരം നടക്കുക. ഇസ്ലാമിക, ദഅ്വ, ഗൈഡൻസ് കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചു.

പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ വിവിധ പ്രവിശ്യകളിലെയും സബ്ഗവർണറേറ്റുകളിലെയും മന്ത്രാലയ ശാഖകൾക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈദ് ഗാഹുകൾക്ക് സമീപമുള്ള ജുമാമസ്ജിദുകളും, ഈദ് ഗാഹുകൾ പര്യാപ്തമായതിനാൽ ആളുകൾ ഒത്തുകൂടാൻ സാധ്യതയില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ ജുമാമസ്ജിദുകളും ഒഴികെ രാജ്യത്തെ മുഴുവൻ ഈദ് ഗാഹുകളിലും ജുമാമസ്ജിദുകളിലും പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യമൊരുക്കും.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്ന കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ മന്ത്രാലയ ശാഖകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരുന്നാൾ ദിനത്തിൽ മഴയ്ക്ക് സാധ്യതയുള്ള നഗരങ്ങളിലും ഗവർണറേറ്റുകളിലും വിശ്വാസികളുടെ സുരക്ഷയും സുഖസൗകര്യങ്ങളും മുൻനിർത്തി മസ്ജിദുകളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്‌കാരം ക്രമീകരിക്കുക. ഈദ് ഗാഹുകൾ ഉചിതമായ രീതിയിൽ സജ്ജീകരിക്കാൻ മുൻകൂട്ടി തയ്യാറെടുപ്പുകൾ ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി


 

വളരെ പുതിയ വളരെ പഴയ