യൂറോപ്യന്‍ യാത്രക്കാര്‍ക്ക് നേട്ടവുമായി സ്വിസ് ഇന്റർനാഷണല്‍ എയർലൈൻസ്: ബെംഗളൂരുവില്‍ നിന്ന് സൂറിച്ചിലേക്ക് നേരിട്ട് വിമാനം


ലുഫ്താൻസ ഗ്രൂപ്പിന്റെ ഇന്ത്യൻ ശൃംഖല വികസിപ്പിച്ച്‌, സ്വിസ് ഇന്റർനാഷണല്‍ എയർലൈൻസ് (SWISS) ബെംഗളൂരുവില്‍ നിന്ന് സൂറിച്ചിലേക്ക് ആഴ്ചയില്‍ അഞ്ച് സർവീസുകള്‍ ആരംഭിക്കുന്നു.

ഒക്ടോബറില്‍ ഈ നോണ്‍-സ്റ്റോപ്പ് സർവീസ് തുടങ്ങും. ബെംഗളൂരുവിനെ ദക്ഷിണേന്ത്യൻ വിപണിയിലേക്കുള്ള പ്രവേശന കവാടമാക്കിയാണ് SWISS തങ്ങളുടെ ഇന്ത്യൻ പ്രവർത്തനം വിപുലീകരിക്കുന്നത്.

 ബെംഗളൂരുവില്‍ നിന്ന് സ്വിറ്റ്‌സര്‍ലാന്റിലെ സൂറിച്ചിലേക്ക് നേരിട്ടുള്ള യാത്രയ്ക്ക് ഇത് അവസരമൊരുക്കും.

കൂടാതെ, ലുഫ്താൻസ ഗ്രൂപ്പ് ശൃംഖല വഴി യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും യാത്രക്കാർക്ക് എളുപ്പത്തില്‍ എത്താൻ സാധിക്കും. 

സ്വിസ് വിമാനത്തിന് ഡല്‍ഹി, മുംബൈ എന്നിവയ്ക്ക് ശേഷമുള്ള ഇന്ത്യയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമാണ് ബെംഗളൂരു. ഐടി-ബിസിനസ് യാത്രക്കാർ, പ്രീമിയം യാത്രക്കാർ, യൂറോപ്പിലെ ഇന്ത്യൻ പ്രവാസികള്‍ എന്നിവരില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് ഈ പുതിയ സര്‍വീസ്.

ലുഫ്താൻസ ഗ്രൂപ്പിന്റെ പ്രാദേശിക സെയില്‍സ് (ദക്ഷിണേഷ്യ) സീനിയർ ഡയറക്ടർ കെവിൻ മാർക്കറ്റ്, ഇന്ത്യ തങ്ങള്‍ക്ക് തന്ത്രപരമായ പ്രാധാന്യമുള്ള വിപണിയാണെന്ന് പ്രതികരിച്ചു.

 ലോകത്തിലെ പ്രമുഖ സാങ്കേതിക, ഇന്നവേഷൻ ഹബ്ബുകളിലൊന്നായ ബെംഗളൂരുവിലേക്ക് SWISS നെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സേവനം ദക്ഷിണേന്ത്യയിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും മാർക്കറ്റ് എടുത്തു പറഞ്ഞു.

ബെംഗളൂരു ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡിന്റെ (BIAL) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗിരീഷ് നായർ, ഈ പുതിയ സർവീസ് ബെംഗളൂരുവിന്റെ അന്താരാഷ്ട്ര വ്യോമയാന വിപണിയിലെ പ്രാധാന്യം വ്യക്തമാക്കുന്നു എന്ന് പറഞ്ഞു. 

ശീതകാല സമയക്രമം അനുസരിച്ച്‌ ലുഫ്താൻസ ഗ്രൂപ്പ് തങ്ങളുടെ എയർലൈൻ ശൃംഖലയിലൂടെ ഇന്ത്യയിലേക്കും തിരിച്ചും നിലവില്‍ 70-ല്‍ അധികം പ്രതിവാര വിമാന സർവീസുകള്‍ നടത്തുന്നുണ്ട്. ബെംഗളൂരു-സൂറിച്ച്‌ റൂട്ടിലേക്കുള്ള ടിക്കറ്റുകള്‍ SWISS ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്രാവല്‍ പങ്കാളികളിലൂടെയും ഇപ്പോള്‍ ബുക്ക് ചെയ്യാം.

വിമാനത്തിന്റെ യാത്രാ സമയം അറിയാം

LX 140 ഈസ്റ്റ്ബൗണ്ട് വിമാനം സൂറിച്ചില്‍ നിന്ന് തിങ്കള്‍, ബുധൻ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 1:20-ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 2:55-ന് ബെംഗളൂരുവില്‍ എത്തും. 

LX 141 റിട്ടേണ്‍ സർവീസ് ബെംഗളൂരുവില്‍ നിന്ന് ചൊവ്വ, വ്യാഴം ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പുലർച്ചെ 4:50-ന് പുറപ്പെട്ട് അതേ ദിവസം രാവിലെ 10:50-ന് സൂറിച്ചില്‍ എത്തിച്ചേരും.

വിമാനക്കമ്പനി അതിന്റെ പുതിയ എയർബസ് A350 വിമാനങ്ങളുടെ ഉപയോഗം ദീർഘദൂര റൂട്ടുകളില്‍ വിപുലീകരിക്കുമെന്നും പ്രഖ്യാപിച്ചു. 

ബോസ്റ്റണ്‍, സിയോള്‍ റൂട്ടുകള്‍ക്ക് ശേഷം ശീതകാല ഷെഡ്യൂളില്‍ ജോഹന്നാസ്ബർഗ്ഗിലേക്കും സെപ്റ്റംബർ മുതല്‍ ഷാങ്ഹായ് സർവീസുകളിലേക്കും എയർബസ് A350 വിന്യസിക്കാൻ SWISS പദ്ധതിയിടുന്നു.

 ഈ വർഷാവസാനത്തോടെ അഞ്ച് എയർബസ് A350 വിമാനങ്ങള്‍ കമ്പനിയുടെ കൈവശമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതേ സമയം, വിമാനങ്ങളുടെയും എഞ്ചിൻ ഭാഗങ്ങളുടെയും തുടർച്ചയായ ക്ഷാമം കാരണം ജെനീവയില്‍ നിന്നുള്ള ചില സർവീസുകള്‍ SWISS റദ്ദാക്കും. ജെനീവയില്‍ നിന്ന് ബെർലിൻ, ഹാംബർഗ്, പ്രിസ്റ്റിന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ അടുത്ത ശീതകാല ഷെഡ്യൂളില്‍ പ്രവർത്തിക്കില്ല. 

2026-27 ശീതകാല സീസണില്‍ SWISS സൂറിച്ചില്‍ നിന്നും ജെനീവയില്‍ നിന്നുമായി 88 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തും; 60 യൂറോപ്യൻ, 24 ഭൂഖണ്ഡാന്തര ലക്ഷ്യ സ്ഥാനങ്ങള്‍ സൂറിച്ചില്‍ നിന്നായിരിക്കും.

വളരെ പുതിയ വളരെ പഴയ