2,672 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ രണ്ട് കുപ്രസിദ്ധ പിടികിട്ടാപ്പുള്ളികളെ യുഎഇ അധികൃതർ ഇന്ത്യയ്ക്ക് കൈമാറി


യു എ ഇ: സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ട് രാജ്യം വിട്ട രണ്ട് കുപ്രസിദ്ധ കുറ്റവാളികളെ യുഎഇ അധികൃതർ ഇന്ത്യക്ക് കൈമാറി.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ശ്രീഗണേഷ് ജ്വല്ലറി ഹൗസിന്റെ പ്രമോട്ടർ കമലേഷ് പരേഖ്, പാസ്‌പോർട്ട് തട്ടിപ്പ് സംഘത്തിന്‍റെ തലവൻ ആലോക് കുമാർ എന്നിവരെയാണ് സിബിഐയുടെയും ഹരിയാന പൊലീസിന്‍റെയും നേതൃത്വത്തില്‍ ഇന്ത്യയിലെത്തിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 25 ബാങ്കുകളുടെ കണ്‍സോർഷ്യത്തെ 2,672 കോടി രൂപ (ഏകദേശം 1,000 കോടി ദിർഹം) വഞ്ചിച്ച കേസിലെ മുഖ്യ പ്രതിയാണ് കമലേഷ് പരേഖ്. വിദേശ കമ്പനികളുടെ ശൃംഖലയുണ്ടാക്കി ബാങ്കുകളില്‍ നിന്ന് ലഭിച്ച വൻ തുക വകമാറ്റി ചെലവഴിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

2016-ല്‍ കേസ് രജിസ്റ്റർ ചെയ്തത് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഇന്‍റർപോള്‍ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ വെച്ച്‌ മെയ് 1നാണ് ഇയാളെ പിടികൂടിയത്.

 ദില്ലി കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. യശ്പാല്‍ സിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന ആലോക് കുമാർ ആണ് രണ്ടാമത്തെ കുറ്റവാളി. പാസ്‌പോർട്ട് തട്ടിപ്പ് കേസിലെ പ്രതിയാണ്. വ്യാജ രേഖകള്‍ ചമച്ച്‌ ക്രിമിനല്‍ പശ്ചാത്തലമുള്ളവർക്ക് ഉള്‍പ്പെടെ നിയമ വിരുദ്ധമായി ഇന്ത്യൻ പാസ്‌പോർട്ടുകള്‍ സംഘടിപ്പിച്ചു നല്‍കുന്ന സംഘത്തിന്‍റെ മുഖ്യ ആസൂത്രകനാണിയാള്‍.

 ഹരിയാന പൊലീസിന്‍റെ അഭ്യർത്ഥന പ്രകാരം ഇയാള്‍ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുഎഇയില്‍ വെച്ച്‌ അറസ്റ്റിലായ ഇയാളെ മെയ് 1-ന് മുംബൈയിലെത്തിച്ച്‌ ഹരിയാന പൊലീസിന് കൈമാറി.

ഇന്ത്യ-യുഎഇ സഹകരണം

കുറ്റവാളികളെ കൈമാറുന്ന കാര്യത്തില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ഉദാഹരണമാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. സാമ്പത്തിക കുറ്റവാളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ സുരക്ഷിതമായി ഒളിവില്‍ കഴിയാൻ കഴിയുമെന്ന തെറ്റായ ധാരണയെ തിരുത്തുന്ന കർശനമായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.

വളരെ പുതിയ വളരെ പഴയ