ദോഹ/മനാമ: കടുത്ത വേനൽച്ചൂടിനെ തുടർന്ന് തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ഗൾഫ് രാജ്യങ്ങളിൽ പുറംജോലികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിൽ മന്ത്രാലയങ്ങളാണ് ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചത്.
ഖത്തറിൽ ഇന്ന് മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നു. സെപ്തംബർ 15 വരെ രാവിലെ 10 മണി മുതൽ ഉച്ചതിരിഞ്ഞ് 3:30 വരെ പുറംജോലികൾക്ക് പൂർണ്ണ വിലക്കുണ്ടാകും. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി. ഇതോടൊപ്പം ഉച്ചനേരത്തെ ഖബറടക്ക ചടങ്ങുകൾക്കും നിയന്ത്രണമുണ്ട്. ചടങ്ങുകൾ രാവിലെ എട്ടിന് മുമ്പോ സൂര്യാസ്തമയത്തിന് ശേഷമോ മാത്രമേ നടത്താവൂ എന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ അടച്ചുപൂട്ടൽ, ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കും.
ബഹ്റൈനിൽ ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെയാണ് പുറംജോലികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തൊഴിലുകളിലാണ് നിയന്ത്രണം. ഇത് ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ 500 മുതൽ 1,000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനായി 17873921 എന്ന ഹോട്ട്‌ലൈൻ നമ്പറും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
ഒമാനിലും ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിലായി. ഉച്ചയ്ക്ക് 12:30 മുതൽ 3:00 മണി വരെ തൊഴിലാളികളെ കടുത്ത ചൂടിൽ ജോലി ചെയ്യിക്കാൻ പാടില്ല. നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്ക് 500 റിയാൽ മുതൽ 1000 റിയാൽ വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ശിക്ഷാ തുക ഇരട്ടിയാകും.
