ഒമാൻ :ഓമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ടെർമിനലുകളിൽ ഒന്നായ മിന അൽ ഫഹൽ ടെർമിനലിന് സമീപം വൻ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ. സ്‌ഫോടകവസ്‌തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പുറത്തുവന്ന വിവരങ്ങൾ പ്രകാരം അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കടലിൽ നിന്നും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സുപ്രധാന സംവിധാനമായ സിംഗിൾ ബോയ് മൂറിംഗ് ബർത്തുകൾക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. എസ്ബിഎം 1, എസ്ബിഎം 2 എന്നീ ബർത്തുകൾക്കിടയിലാണ് സ്‌ഫോടനം നടന്നതെന്ന് ഈ രംഗവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തെ തുടർന്ന് ടെർമിനലിന്റെ പ്രവർത്തനം സ്തംഭിച്ചതോടെ എണ്ണ കൊണ്ടുപോകാനായി എത്തിയ നിരവധി സൂപ്പർടാങ്കറുകൾ തുറമുഖത്തിന് പുറത്ത് കടലിൽ നങ്കൂരമിട്ടിരിക്കുകയാണ്. എൽഎസ്ഇജിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഈ കപ്പലുകൾക്ക് എണ്ണ നിറച്ചു നൽകാനാവാത്തത് ആഗോള ഇന്ധന വിപണിയിലും വിതരണ ശൃംഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
അതേസമയം ഓമാൻ ഭരണകൂടവും സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗങ്ങളും സാഹചര്യം വിലയിരുത്തി വരികയാണ്. ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിലാണെന്ന് ഓമാൻ ഓയിൽ ഡെവലപ്പ്‌മെന്റ് കമ്പനി പിന്നീട് അറിയിച്ചിട്ടുണ്ട്.
