ദോഹ: യുഎസിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുവെന്ന ഇസ്രായേൽ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഖത്തർ പൂർണ്ണമായും തള്ളി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഖത്തർ ഫൗണ്ടേഷൻ ഇന്റർനാഷണൽ 17 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം അമേരിക്കയിലെ സേവനങ്ങൾ നിർത്തലാക്കുകയാണെന്നും, യുഎസ് വിദ്യാഭ്യാസ മേഖലയെ സ്വാധീനിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾ ഇതോടെ അവസാനിച്ചുവെന്നുമായിരുന്നു ഇസ്രായേൽ മാധ്യമങ്ങളുടെ അവകാശവാദം.
എന്നാൽ ഈ വാർത്തകൾ ഖത്തറിനെതിരെയുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമാണെന്ന് ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അറബി ഭാഷ പഠിപ്പിക്കുന്നതിനായി ഖത്തർ ഫൗണ്ടേഷൻ പുതിയ ഗ്രാന്റുകളും പ്രോഗ്രാമുകളും നൽകുന്നത് തുടരുകയാണെന്നും വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി സംഘടന ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പോലും അമേരിക്കൻ സർവകലാശാലകളുമായി ചേർന്ന് ഖത്തർ ഫൗണ്ടേഷൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.
മേഖലയിലെ സമാധാന ചർച്ചകളിൽ പ്രധാന പങ്ക് വഹിക്കുന്നതിനൊപ്പം ഹമാസ് നേതാക്കൾക്ക് ആതിഥേയത്വം നൽകിയതിനെയും മുൻനിർത്തി, ഗസയിലെ വംശീയ ആക്രമണം ആരംഭിച്ച 2023 മുതൽ ഇസ്രായേൽ അനുകൂല ലോബികൾ ഖത്തറിനെതിരെ നിരന്തരം ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
