ദോഹ: ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 13 പേർ മരണപ്പെട്ടു. മരിച്ചവരിൽ 12 പേരും ഇന്ത്യൻ സ്വദേശികളാണെന്ന് ഖത്തർ ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു. മരണപ്പെട്ട മറ്റൊരാൾ പാകിസ്ഥാൻ പൗരനാണ്. ഖത്തറിലെ ബർസാൻ ഗ്യാസ് പ്ലാന്റിൽ ഇന്നലെ രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
അപകടത്തിൽ 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ച സമയം മുതൽ ചില സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നുവെന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി. ഇതൊരു സാധാരണ അപകടം മാത്രമാണെന്നും അട്ടിമറിയോ ഗൂഢാലോചനയോ ഇതിന് പിന്നിൽ ഇല്ലെന്നും ഖത്തർ ഊർജമന്ത്രി സാദ് ഷെരിദ അൽ കാബി അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി നടക്കുന്ന വ്യവസായ മേഖലയാണ് റാസ് ലഫാൻ. ദോഹയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കുമാറിയാണ് ഈ ഇൻഡസ്ട്രിയൽ സിറ്റി സ്ഥിതി ചെയ്യുന്നത്. അപകടം നടന്നുവെങ്കിലും രാജ്യത്തിന്റെ എൽഎൻജി കയറ്റുമതിയെ ഇത് യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വാതകച്ചോർച്ചയോ മറ്റ് പ്രശ്നങ്ങളോ നിലവിൽ പ്ലാന്റിലില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
:
