ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎസും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പുനരാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഇന്ത്യ ലക്ഷ്യമാക്കി 11 കപ്പലുകൾ പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ക്രൂഡ് ഓയിൽ, ഗ്യാസ്, വളം എന്നിവ കയറ്റിയ കപ്പലുകളാണ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് വരുന്നത്. ഇതിന് പുറമെ രണ്ട് ഇന്ത്യൻ കപ്പലുകൾ ഗൾഫ് മേഖലയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
മേഖലയിലൂടെയുള്ള ഗതാഗതം പൂർണ്ണതോതിൽ പുനരാരംഭിച്ചതിന്റെ വ്യക്തമായ സൂചനയാണിതെന്ന് ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പലുകളിൽ മൂന്നെണ്ണം ഇന്ത്യൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പലുകളാണ്.
