യുഎഇ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് ജൂൺ 30 മുതൽ ആരംഭിക്കുന്നു

 


ദുബായ്: യുഎഇയുടെ ചരിത്രപ്രധാനമായ പൊതുഗതാഗത പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് ജൂൺ 30-ന് ആരംഭിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അബുദാബി, ദുബായ്, ഫുജൈറ എന്നീ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. ഇതിൽ അബുദാബി–ദുബായ് റൂട്ടിൽ തുടർച്ചയായ ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കും. 57 മിനിറ്റാണ് ഈ റൂട്ടിലെ യാത്രാ സമയം. ഫുജൈറയിലേക്കുള്ള റൂട്ട് യുഎഇയുടെ കിഴക്കൻ തീരങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുകയും ടൂറിസം മേഖലക്ക് വലിയ ഉണർവ് പകരുകയും ചെയ്യും.

മുഴുവൻ ശൃംഖലയും പൂർത്തിയാകുമ്പോൾ യുഎഇയിലെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ഇത് ബന്ധിപ്പിക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, അൽ ദൈദ്, അൽ ദന്ന, അൽ ഫയ, മദീനത്ത് സായിദ്, മെസൈറ, അൽ മിർഫ, അൽ സില എന്നിവയാണ് സ്റ്റേഷനുകൾ. യാത്രക്കാർക്ക് ഓൺലൈനായി ഇന്റർ-എമിറേറ്റ് പാസഞ്ചർ ട്രെയിൻ യാത്ര ബുക്ക് ചെയ്യാം. പുതിയ സർവീസ് യാഥാർത്ഥ്യമാകുന്നതോടെ അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂർ 45 മിനിറ്റായി കുറയും. ഉദ്ഘാടനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസത്തെ ചില യാത്രകളിലേക്കുള്ള മിക്ക ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റുതീർന്നു കഴിഞ്ഞു.

2026 സെപ്റ്റംബർ 30ന് ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും തുറക്കും. രണ്ടു സ്റ്റേഷനും തുറക്കുന്നതോടെ റെയിൽ ശൃംഖല പൊതുജനങ്ങൾക്കായി ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഡിസംബർ 30ന് അൽ ദഫ്റ ട്രെയിൻ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കും. ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ ഉദ്ഘാടനം 2027 മാർച്ച് 30നാണ് നിശ്ചയിച്ചിരിക്കുന്നത്. ഷാർജ ട്രെയിൻ സ്റ്റേഷൻ തുറക്കുന്നതോടെ ഈ റൂട്ട് പൂർണ്ണ സജ്ജമാകും. അൽ ദന്ന, അൽ സില, അൽ മിർഫ, മദീനത്ത് സായിദ്, ലിവ എന്നീ ബാക്കി അഞ്ച് സ്റ്റേഷനുകളുടെ ലോഞ്ച് തീയതികൾ പിന്നീട് പ്രഖ്യാപിക്കും. അബുദാബി–ഫുജൈറ റൂട്ടിലെ ടിക്കറ്റ് നിരക്ക് കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ്. യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ ആപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ജൂൺ 23 മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.


 

വളരെ പുതിയ വളരെ പഴയ